മികച്ച വിജയം നേടി ടൊവിനോയുടെ തീവണ്ടി ഇപ്പോഴും തിയേറ്ററുകളില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കരിയറില്‍ വീണ്ടും വിജയം അവര്‍ത്തിക്കാനായി പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ അണിയറയില്‍ ഒരുങ്ങിയിട്ടുണ്ട്. ഒഴിമുറിയ്ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്ത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കേസ് അന്വേഷണവും കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്ന് കിട്ടുന്ന സൂചന.
ടൊവിനോയെ കൂടാതെ അനു സിത്താര, നിമിഷ സജയന്‍, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജീവന്‍ തോമസ് കഥ, തിരക്കഥ സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നൗഷാദ് ഷെരീഫാണ്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഒസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. വി സിനിമാസിന്റെ ബാനറില്‍ ടി എസ് ഉദയന്‍, എ എസ് മനോജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒഴിമുറി കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് മധുപാല്‍ മറ്റൊരു ചിത്രവുമായി എത്തുന്നത്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടാന്‍ മധുപാലിനു കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ കപ്രസിദ്ധ പയ്യനും മധുപാലിന്റേയും ടൊവിനോയുടേയും കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും. മറഡോണയ്ക്കും തീവണ്ടിയിലെ ബിനീഷിനും ശേഷം അജയന്‍ എന്ന പാല്‍ക്കാരന്‍ പയ്യനായിട്ടാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്.