രണ്ടു മാസം മുമ്പ് ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമി ( 33) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റില്‍. കേസില്‍ മറ്റ് 10 പേരും കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
പഴയകാല നടന്‍ തൂഗുദീപ ശ്രീനിവാസിന്റെ പുത്രനാണ് ദര്‍ശന്‍.പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കരുതുന്നത്.
ഈ മാസം ഒമ്പതിനാണ് കാമാക്ഷിപാളയത്തെ ഓടയില്‍ രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മൂന്നുപേര്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവര്‍ മൊഴി നല്‍കി.
വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തില്‍ ദര്‍ശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദര്‍ശന്‍ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചു. കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴിപ്രകാരം ഇന്നലെ മൈസൂരുവിലെ ഫാംഹൗസില്‍ എത്തിയ പൊലീസ് ദര്‍ശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തത്.
2013ല്‍ അഭിനയിച്ച 'ഛത്രികളു ഛത്രികളു സാര്‍ ഛത്രികളു'ആണ് പവിത്രയുടെ ആദ്യ ചിത്രം. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പവിത്ര സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സമൂഹമാദ്ധ്യമത്തില്‍ നടത്തിയ വാക്പോര് വാര്‍ത്തയായിരുന്നു.