ടൈറ്റിലില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്ലന്‍ഡില്‍ നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ 'വിസ്മയയും; ആദ്യ നായകന്‍ ആന്റണിയുടെ മകനോ? പുതിയ ചിത്രത്തിന് ആശംസയുമായി മോഹന്‍ലാല്‍; നിരാശപ്പെടുത്തില്ലെന്ന് ജൂഡും

Malayalilife
 ടൈറ്റിലില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്ലന്‍ഡില്‍ നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ 'വിസ്മയയും; ആദ്യ നായകന്‍ ആന്റണിയുടെ മകനോ? പുതിയ ചിത്രത്തിന് ആശംസയുമായി മോഹന്‍ലാല്‍; നിരാശപ്പെടുത്തില്ലെന്ന് ജൂഡും

നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക് വരുമ്പോള്‍ നായകന്‍ ആരെന്ന ചര്‍ച്ച സജീവം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹന്‍ലാലിന്റെ സിനിമാ പ്രവേശം. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന 37-ാമത്തെ സിനിമയാണിത്. ഈ ചിത്രത്തിലെ നായകന്‍ നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ മകനാണെന്നും റിപ്പോര്‍ട്ട്. ഈ സിനിമയില്‍ ആന്റണിയുടെ മകനും ഉണ്ടാകുമെന്ന് തന്നെയാണ് സൂചന. 

ആന്റണി പെരുമ്പാവൂരും സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ പോസ്റ്റര്‍ അവതരിപ്പിച്ചു. ''പ്രിയപ്പെട്ട മായക്കുട്ടിക്ക് (വിസ്മയ) എല്ലാ പ്രാര്‍ഥനകളും. ഒരു മികച്ച 'തുടക്കം' നേരുന്നു'' എന്ന കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. തനിക്കൊപ്പമുള്ള വിസ്മയയുടെ ബാല്യത്തിലുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.സിനിമയിലും എഴുത്തിലും അഭിരുചി അറിയിച്ചിട്ടുള്ള വിസ്മയ, 'ഗ്രഹണം' എന്ന ഹ്രസ്വചിത്രത്തില്‍ സംവിധാന സഹായിയായിരുന്നു. സഹോദരന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. 

2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സിനിമയില്‍ അരങ്ങേറിയപ്പോള്‍ മുതല്‍ വിസ്മയയും വെള്ളിത്തിരയിലേക്കുവരുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. എഴുത്തുകാരി കൂടിയായ വിസ്മയ ചിത്രകാരിയുമാണ്. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

സിനിമയെ കുറിച്ചുള്ള ജൂഡിന്റെ വാക്കുകള്‍ ഇങ്ങനെ: ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...! കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ''ആന്റണി -ജൂഡ് 'തുടക്ക'മാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ. 

വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് ലഭിക്കുന്നത്. ചിത്രത്തില്‍ നായികാവേഷത്തിലാണ് വിസ്മയ മോഹന്‍ലാല്‍ എത്തുന്നത്. ടൈറ്റില്‍ ഫോണ്ടില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്മെന്റുകളെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആയോധനകലകളില്‍ നൈപുണ്യമുള്ള വിസ്മയയുടെ ഗംഭീരന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ മകന്‍ പ്രണവും ആയോധനകലയില്‍ പിന്നിലല്ല, ജിംനാസ്റ്റിക്കിലാണ് പ്രണവ് കഴിവ് തെളിയിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തായ്ലന്‍ഡില്‍ നിന്നും ആയോധനകലയില്‍ പ്രാവണ്യം നേടിയതിനെ കുറിച്ചും ഭാരം വളരെ കുറച്ച രീതികളും വിസ്മയ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

തായ്ലന്‍ഡിലെ ആയോധനകലാ പരിശീലനത്തിലൂടെ വിസ്മയ അന്ന് കുറച്ചത് 22 കിലോ ഭാരമാണ്. ആദ്യമായി വിസ്മയ മുവായ് തായ് പരിശീലിച്ചതും തായ്ലന്‍ഡില്‍ വച്ചായിരുന്നു. ഇത് കൂടാതെ വിസ്മയ കുങ്ഫുവും പരിശീലിക്കാറുണ്ട്. വിസ്മയ തായ്ലന്‍ഡിലെ യാത്രയിലൂടെ പല ആയോധനകലകളും പഠിപ്പിച്ചു. മുവായ് തായ് അഥവാ തായ് ബോക്സിംഗ് തായ്‌ലന്‍ഡിലെ പ്രധാന കായിക ഇനമാണ്. മുഷ്ടികള്‍, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാലുകള്‍ ഉപയോഗിച്ചാണ് മുവായ് തായ് ചെയ്യുന്നത്.

പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്നേഹബന്ധമായി മാറട്ടെ'', തുടക്കത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തങ്ങളില്‍ നിന്ന് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാലിന്റെ ഒരു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതിയിരുന്നത്. മോഹന്‍ലാല്‍ ചിത്രം തുടരും നേടിയ വന്‍ വിജയത്തിന് പിന്നാലെ മകളുടെ സിനിമാ അരങ്ങേറ്റ ചിത്രത്തിന്റെ പേര് തുടക്കം എന്നായതും കൗതുകമാണ്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.
 

Mohanlals daughter Vismaya Thudakkam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES