പ്രശസ്ത തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 21-കാരി രംഗത്ത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ ഡാന്‍സ് കോറിയോഗ്രാഫറായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റര്‍) 21 കാരി റായ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. പല ലൊക്കേഷനുകളിലും വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി.
സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ നസ്രിങ്കിയിലുള്ള വീട്ടില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. 21 കാരിയുടെ പരാതിയില്‍ റായ്ദുര്‍ഗ് പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി.
അതേസമയം കേസിന്റെ തുടരന്വേഷണത്തിനായി റായ്ദുര്‍ഗ് പൊലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറി. മുന്‍പും ജാനി മാസ്റ്ററിന് എതിരെ പൊലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. 2024 ജൂണില്‍ ജാനി മാസ്റ്റര്‍ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് നര്‍ത്തകനായ സതീഷ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റര്‍ തന്നെ രംഗത്തെത്തിയിരുന്നു.