ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബോളിവുഡ് നടി സ്വരഭാസ്‌കര്‍. സിനിമ എന്നും ആണധികാരത്തിന്റെ ഇടമാണെന്നും ഏതെങ്കിലും സ്ത്രീ തുറന്നുസംസാരിച്ചാല്‍ അവളെ പ്രശ്‌നക്കാരിയാക്കി മുദ്രകുത്തുമെന്നും സ്വര സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടു.അധിക്ഷേപകര്‍ക്കെതിരെ സംസാരിച്ച മലയാള സിനിമയിലെ സ്ത്രീകളെ അഭിനന്ദിക്കാനും സ്വര മറന്നില്ല.
ബോളിവുഡിലും സമാനമായ അനുഭവമുണ്ടെന്നും സ്വര കൂട്ടിച്ചേര്‍ത്തു. 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സ്വര പ്രതികരണം രേഖപ്പെടുത്തിയത്.
തിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വായിക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു, കണ്ടെത്തലുകള്‍ ഹൃദയഭേദകവും പരിചിതവുമാണ്! ചില ചിന്തകള്‍ ഇതാ..,' സ്വരയുടെ നീണ്ട കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.
ഒടുവില്‍ ഞാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് വായിക്കാന്‍ തുടങ്ങി. മറ്റെന്തിനേക്കാളും മുമ്പ്, ലൈംഗികാതിക്രമങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ (ഡബ്ല്യുസിസി) ധീരരായ സ്ത്രീകള്‍ക്ക് ആലിംഗനവും നന്ദിയും അറിയിക്കുന്നു. അവരാണ് സിനിമയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ ഒരു വിദഗ്ധ സമിതി പരിശോധിക്കണമെന്നും ഹേമ കമ്മിറ്റി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടത്, ലൈംഗിക പീഡനവും അക്രമവും അനുഭവിച്ച എല്ലാ സ്ത്രീകളും പരസ്പരം കൈകോര്‍ത്ത് പിടിച്ച് സാന്ത്വനമേകി. നിങ്ങള്‍ ആണ് ഹീറോസ്. വലിയ അധികാര സ്ഥാനങ്ങളിലുള്ള ആളുകള്‍ ഇതിനകം ചെയ്യേണ്ട ജോലിയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളോട് ബഹുമാനവും ഐക്യദാര്‍ഢ്യവും! '
റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ ഹൃദയഭേദകവും പരിചിതവുമാണെന്ന് സ്വര പറഞ്ഞു. ''കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ വായിക്കുന്നത് ഹൃദയഭേദകമാണ്. പരിചിതമാണ് എന്നതിനാല്‍ തന്നെ കൂടുതല്‍ ഹൃദയഭേദകമാണ്. റിപ്പോര്‍ട്ടുകളിലെ വിശദാംശങ്ങള്‍ അതുപോലെ എന്നല്ല, എന്നാല്‍ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തിയ ആ സാഹചര്യം എല്ലാവര്‍ക്കും പരിചിതമാണ്. ഷോബിസ് എല്ലായ്‌പ്പോഴും പുരുഷ കേന്ദ്രീകൃത വ്യവസായമാണ്, പുരുഷാധിപത്യ ശക്തിയാണ് നിയന്ത്രിക്കുന്നത്. അതിന് തടസ്സം നില്‍ക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. തടസ്സപ്പെടുത്തുന്നയാള്‍ പറയുന്നത് ധാര്‍മ്മികമായ ശരിയാണെങ്കില്‍ പോലും. '
ഷോബിസ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുരുഷന്മാരുടെ തെറ്റായ പ്രവൃത്തികള്‍ അവഗണിക്കപ്പെടുന്നുവെന്നും സ്വര കൂട്ടിച്ചേര്‍ത്തു. ''ഷോബിസ് പുരുഷാധിപത്യം മാത്രമല്ല, അതിന് ഫ്യൂഡല്‍ സ്വഭാവവും ഉണ്ട്. വിജയികളായ അഭിനേതാക്കളും സംവിധായകരും നിര്‍മ്മാതാക്കളും അര്‍ദ്ധദൈവങ്ങളുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു, അവര്‍ ചെയ്യുന്നതെന്തും ശരിയായി മാറുന്നു! ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ 'പ്രശ്നമുണ്ടാക്കുന്നവര്‍' എന്ന് മുദ്രകുത്തുന്നു. നിശബ്ദതയാണ് കണ്‍വെന്‍ഷന്‍. നിശബ്ദത പ്രായോഗികമാണ്, നിശബ്ദതയ്ക്ക് പ്രതിഫലം ലഭിക്കും, ''അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷോബിസിന് 'കൊള്ളയടിക്കുന്ന അന്തരീക്ഷം' ഉണ്ടെന്നും അത് സാധാരണമായി മാറിയിരിക്കുന്നെന്നും സ്വര പറയുന്നു. ''ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നു. ഇങ്ങനെയാണ് ഷോബിസിലെ ലൈംഗികാതിക്രമം സാധാരണ നിലയിലാകുന്നത്. അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവാണ് ചട്ടക്കൂട് സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്ക് ജോലി വേണമെങ്കില്‍ മറ്റ് വഴികളില്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നു.'
മറ്റ് ഭാഷാ സിനിമാ വ്യവസായങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് സ്വര തന്റെ കുറിപ്പ് അവസാനിപ്പിച്ചത്, ആളുകള്‍ സംസാരിക്കുന്നത് വരെ 'നിലവിലുള്ള അധികാര ദുര്‍വിനിയോഗം ദുര്‍ബലരായവര്‍ വഹിക്കും' എന്നാണ് സ്വര പറയുന്നത്.