ദുരിതമനുഭവിക്കുന്നവരെ നേരിട്ടെത്തി സന്ദര്‍ശിച്ച് വേണ്ട സഹായങ്ങളൊക്കെ നല്‍കുന്ന ആളാണ് നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്. പ്രളയ സമയത്ത് താരം ചെയ്ത സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ വീട്ടിലെത്തി സന്ദര്‍ശിച്ച് അഭിനന്ദനം അറിയിക്കുകയും ഒപ്പം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇതിന്റെ വീഡിയോ സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത് വൈറലാകുകയാണ്.
വയനാട്ടിലെ പൊഴുതനയിലുളള ശ്രീധന്യയുടെ ചോര്‍ന്നൊലിക്കുന്ന ഭവനത്തിലെത്തിയാണ് പണ്ഡിറ്റ് തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് വലിയ നേട്ടം കരസ്ഥമാക്കാനായത്. ശ്രീധന്യയുടെ വിജയവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അവരുടെ വീട്ടില്‍ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അവരുടെ ദുരിതം മനസ്സിലാക്കിയ പണ്ഡിറ്റ് അപ്പോള്‍ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെല്‍ഫും ഏതാനും കസേരകളും വാങ്ങി നല്‍കിയ ശേഷമാണ് താരം മടങ്ങിയത്. താനൊരു കോടിശ്വരന്‍ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാഗ്ദാനം.
എന്താണ് ഉടന്‍ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് സഹായം നല്‍കിയത്. പ്രളയ സമയത്ത് അവിടെ അടുത്ത് വരെ വന്നിരുന്നുവെന്നും അന്ന് ശ്രീധന്യയെക്കുറിച്ചും അവരുടെ ദുരിതത്തെക്കുറിച്ചും അറിയാതെ പോയതിന്റെ വേദനയും സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചു. സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതല്‍ കുട്ടികള്‍ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു. ഒരുപാട് പേര്‍ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍ ആവശ്യം പറഞ്ഞപ്പോള്‍ തന്നെ, അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛന്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദര്‍ശിക്കുന്ന വിഡിയോ അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.