സംവൃതയും ഭര്‍ത്താവ് അഖിലും പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഇന്നലെ.വിവാഹ വാര്‍ഷിക ദിനത്തില്‍ പത്ത് വര്‍ഷത്തെ മനോഹരമായ യാത്രയെ കുറിച്ച് സംവൃത സോഷ്യല്‍മീഡിയയില്‍ കുറിച്ചു. പത്ത് വര്‍ഷത്തെ ഒരുമിച്ചുള്ള യാത്രക്കിടെ സംഭവിച്ച കാര്യങ്ങള്‍ ചിത്രങ്ങളായി പകര്‍ത്തി അതൊരു വീഡിയോയില്‍ കോര്‍ത്തിണക്കിയാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ സംവൃത പങ്കുവെച്ചത്.
ഭര്‍ത്താവ് അഖില്‍ രാജിനൊപ്പമുള്ള മനോഹരമായ ഒരു വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായി കണ്ടത്, വിവാഹം ദിവസം, മക്കളുടെ ജനനം, ഗര്‍ഭാവസ്ഥയിലായിരുന്നപ്പോഴുള്ള ചിത്രങ്ങള്‍ എന്നിവയെല്ലാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച സ്‌പെഷ്യല്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു.
സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നത്.2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.രണ്ടുമക്കളാണ് സംവൃതയ്ക്ക്: അഗസ്ത്യയും രുദ്രയും..
കണ്ണൂരുകാരിയായ സംവൃത 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് അഭിനയം ആരംഭിച്ചത്. രസികന്‍, നീലത്താമര, ചോക്ലേറ്റ്, വൈരം, അസുരവിത്ത്, റോബിന്‍ഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബന്‍സ്, 101 വെഡ്ഡിങ്‌സ്, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നിവയായിരുന്നു സംവൃത ചെയ്ത സിനിമകളില്‍ പ്രധാനപ്പെട്ടവ.