രാജ് ബി ഷെട്ടി നായകനായെത്തുന്ന മലയാള ചിത്രമാണ് രുധിരം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.
സിനിമയുടേതായി അടുത്തിടെ എത്തിയ ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ടീസര്‍ ഇടം പിടിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ എറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ടര്‍ബോ, കൊണ്ടല്‍ എന്നീ ചിത്രങ്ങളിലും രാജ് ബി ഷെട്ടി പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
മാത്യു ജോസ് എന്നൊരു ഡോക്ടറുടെ കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ രാജ് ബി ഷെട്ടി വെളിപ്പെടുത്തിയിരുന്നു. തിരക്കഥ കേട്ടപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് സംഭവിച്ച സിനിമയല്ല രുധിരം. സ്‌ക്രിപ്റ്റില്‍ എല്ലാവരും നന്നായി പണിയെടുത്തിട്ടുണ്ട്. എല്ലാ കണ്‍ഫ്യൂഷന്‍സും തീര്‍ത്തിട്ടാണ് സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നതെന്ന് രാജ് ബി ഷെട്ടി പറയുകയുണ്ടായി.