ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും റേറ്റിംഗുള്ള ഷോ ബിഗ് ബോസ് ആയിരിക്കും. ഹിന്ദിയില്‍ നിന്നും ആരംഭിച്ച പരിപാടി മലയാളമടക്കം ഇന്ത്യയിലെ സകല ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതുപോലെ മിക്ക പതിപ്പുകളും വിവാദത്തിലും ഉള്‍പ്പെടാറുണ്ട്. അത്തരമൊരു വിവാദത്തിനാണ് ഇപ്പോള്‍ സല്‍മാന്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം പതിപ്പ് ഇടംപിടിച്ചിരിക്കുന്നത്.
ഷോയിലെ പുതിയ ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നും ആണ് ആവശ്യം ഉയരുന്നത്. പരിപാടിയില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയ ആശയമായിരുന്നു 'ബെഡ് ഫ്രണ്ട്സ് ഫോര്‍ എവര്'. മത്സരാര്‍ഥികള്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം കിടക്കപങ്കിടുന്നതാണ് ടാസ്‌ക്. എന്നാല്‍ ഈ ആശയം ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അതിനാല്‍ പരിപാടി നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സല്‍മാന്റെ വീടിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്കു മുന്നില്‍ ഹിന്ദു സംഘടനയായ കര്‍ണി സേനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് വസതിക്കു പുറത്താണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിഗ് ബോസിന്റെ 13-ാമത് സീസണ്‍ കളേഴ്‌സ് ചാനലില്‍ രാത്രി 10.30 നാണു പ്രക്ഷേപണം ചെയ്യുന്നത്.