Latest News

മമ്മൂട്ടിയെ വിമര്‍ശിച്ചില്ലെന്ന് പാര്‍വതി; കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും താരം; സ്ത്രീ വിരുദ്ധതയെ ആഘോഷിക്കരുതെന്നതില്‍ ഉറച്ചു നില്‍ക്കുന്നു

Malayalilife
 മമ്മൂട്ടിയെ വിമര്‍ശിച്ചില്ലെന്ന് പാര്‍വതി; കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും താരം; സ്ത്രീ വിരുദ്ധതയെ ആഘോഷിക്കരുതെന്നതില്‍ ഉറച്ചു നില്‍ക്കുന്നു

:മലയാള സിനിമയിൽ നിലപാടുകൾ തുറന്നു പറയാൻ തന്റേടം കാട്ടുന്ന നടിമാരിൽ ആദ്യപേരുകാരിലൊരാളാണ് പാർവതി തിരുവോത്ത്. ചെയ്യുന്ന സിനിമകളോട് പൂർണമായി നീതി പുലർത്തുന്നതിനൊപ്പമാണ് സിനിമ മേഖലയിലെ സ്ത്രീവിരുദ്ധതയ്ക്കും പുരുഷാധിപത്യത്തിനുമെതിരെ പാർവതി പ്രതികരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും വിമൻ ഇൻ സിനിമ കളക്ടീവിന്റെ രൂപീകരണവും മുതൽ കസബ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിലെ സ്ത്രീവിരുദ്ധയെ ചൂണ്ടിക്കാട്ടി പറഞ്ഞ അഭിപ്രായവും വരെ നീളുന്ന വലിയ വിവാദങ്ങളിലൂടെ കടന്നുപോയ സമയത്ത് അപ്രഖ്യാപിത വിലക്ക് കൂടി നേരിടേണ്ടി വന്നിട്ടുണ്ട് പാർവതിക്ക്. എന്നാൽ ഇപ്പോൾ കസബ വിവാദത്തിൽ വിശദീകരണവുമായി പാർവതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂക്കയെ കുറിച്ചല്ല താൻ പറഞ്ഞതെന്നും ആ കഥാപാത്രത്തെ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും പാർവതി പറയുന്നു.

ഒരു സ്വകാര്യ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം പറഞ്ഞത്. തെറ്റിദ്ധാരണയെ തുടർന്നാണ് സൈബർ ആക്രമണം ഉണ്ടായതെന്നും, പക്ഷേ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും പാർവതി പറഞ്ഞു.'അന്ന് സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുത്, മഹത്വവത്കരിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അത് ഭൂരിഭാഗം ആളുകൾക്കും മനസ്സിലായില്ല എന്നതാണ് സത്യം. അതിൽ ചില ഓൺലൈൻ മാധ്യമങ്ങൾക്കും പങ്കുണ്ട്. ആ തലക്കെട്ടുകൾ വായിച്ചാൽ ഞാൻ ഒരു താരത്തെ ആക്രമിച്ചു എന്നേ തോന്നൂ. ആളുകൾക്ക് ഇത് മുഴുവൻ വായിച്ചു നോക്കാനും കേൾക്കാനും എവിടെയാണ് സമയം? മമ്മൂക്കയെ കുറിച്ചല്ല ഞാൻ പറഞ്ഞത്. ആ കഥാപാത്രത്തെ കുറിച്ചാണ്. ഇപ്പോഴും പലർക്കും തെറ്റിദ്ധാരണ അങ്ങിനെയാണ്. പക്ഷേ, അന്ന് പറഞ്ഞതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ഒരു വരി പോലും മാറ്റമില്ലാതെ ഞാനത് പറയും.' പാർവതി തന്റെ നിലപാട് വ്യക്തമാക്കുന്നു.

കസബ വിവാദത്തിൽ ആക്രമണം ഏറ്റവുമധികം നടന്നത് സോഷ്യൽ മീഡിയയിലാണെന്നും യഥാർത്ഥ ജീവിതത്തിൽ തന്നോടാരും ഇത് പറഞ്ഞിട്ടില്ലെന്നും പാർവതി പറഞ്ഞു. 'ഉയരെ റിലീസ് ചെയ്ത ശേഷം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ഫാൻസ് അസോസിയേഷൻ പ്രതിനിധികൾ പോലും വിളിച്ചു, നിങ്ങളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്, പക്ഷേ ഈ സിനിമയിൽ നിങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞെന്നും പാർവതി പറഞ്ഞു.

പാർവതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. മനു അശോകൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ടീമാണ്.

പാർവതിയുടെ സിനിമ കരിയർ ആരംഭിച്ചിട്ട് 14 വർഷങ്ങൾ പിന്നിടുന്നു, ഇതുവരെമലയാളത്തിൽ അഭിനയിച്ചതവെറും 12 സിനിമകളിലാണ്. നാല് കന്നഡ സിനിമകൾ, അഞ്ച് തമിഴ് സിനികൾ, ഒരു ഹിന്ദി സിനിമ ഉൾപ്പെടെ ആകെ 22 സിനിമകൾ. ഇനി അടുത്തു തന്നെ പുറത്തിറങ്ങാൻ പോകുന്നത് രണ്ടു സിനിമകൾ കൂടിയുണ്ട്.

2006-ൽ ആരംഭിച്ച പാർവതിയുടെസിനിമ കരിയറിൽ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പു കൊണ്ടും അതിലെ കഥാപാത്രങ്ങൾക്കായുള്ള അർപ്പണ മനോഭാവം കൊണ്ടും ഏറെ നിരൂപക പ്രശംസ നേടിയവയാണ് മിക്ക സിനിമകളും. പ്രത്യേകിച്ച് തമിഴ്, കന്നഡ സിനിമകൾ മിക്കതും പാർവതിയുടെ മികച്ച അഭിനയത്തിന്റെ പേരിൽ വാഴ്‌ത്തപ്പെട്ടവയാണ്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ രണ്ടു തവണ മികച്ച നടിക്കുള്ള പുരസ്‌കാരം, കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പ്രത്യേക പരാമർശം, നിരവധി തവണ ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി പാർവതിയുടെ പ്രൊഫഷണൽ കരിയർ മികച്ച വിജയങ്ങളുടേതും നേട്ടങ്ങളുടേതും കൂടിയാണ്.

Read more topics: # Parvathy Thiruvoth,# about Kasaba
Parvathy Thiruvoth about Kasaba

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES