പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരകുടുംബമാണ് പ്രിയ മോഹന്റേത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായിരുന്നു. സിനിമയില്‍ തിളങ്ങിയെങ്കിലും പിന്നീട് വ്ളോഗറായി മാറുകയായിരുന്നു പ്രിയയും ഭര്‍ത്താവ് നിഹാല്‍ പിള്ള. കുടുംബത്തിലെ വിശേഷങ്ങളും തങ്ങളുടെ യാത്രാനുഭവങ്ങളുമൊക്കെയാണ് ഇവരുടെ വീഡിയോയില്‍ ഉണ്ടാവാറുള്ളത്. ഒരുഹാപ്പി ഫാമിലി എന്ന ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ടായിരുന്നു.
വര്‍ക്കലയിലെ ഒരു കഫേയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നിഹാല്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായാണ് നിഹാലിന്റെ വെളിപ്പെടുത്തല്‍. ഇത് ടെറിബിള്‍ തന്നെയാണെന്നായിരുന്നു ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് കമന്റ് ചെയ്തത്
വര്‍ക്കലയില്‍ ഒരു കഫേയില്‍ നേരിട്ട വിവേചനത്തെക്കുറിച്ചാണ് നിഹാല്‍ തുറന്നുപറഞ്ഞത്. റിസേര്‍വ്ഡ് സീറ്റ് എന്ന് പറഞ്ഞ് തങ്ങളെ മാറ്റിയിരുത്തിയ സ്ഥലത്ത് വിദേശികള്‍ എത്തിയപ്പോള്‍ അവരെ ഇരിക്കാന്‍ അനുവദിച്ചതിനെക്കുറിച്ചാണ് നിഹാല്‍ പറയുന്നത്. വളരെ വിഷമമുണ്ടാക്കിയ സംഭവമാണെന്നും ഇത്തരമൊരു അനുഭവം വളരെ അപമാനമായി തോന്നിയെന്നും അദ്ദേഹം വിഡിയോയില്‍ പറഞ്ഞു.
''മനസ്സിന് വിഷമമുണ്ടാക്കിയ ഒരു സംഭവം.
ഞങ്ങള്‍ ഒരു നെഗറ്റീവ് വിഡിയോകളും ഇടാറില്ലെന്ന് നിങ്ങള്‍ക്കറിയാം. തീര്‍ച്ചയായും ഞങ്ങള്‍ ഇത്രയും യാത്ര ചെയ്യുമ്‌ബോള്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഞങ്ങള്‍ വ്ളോഗ് ചെയ്യുന്നതിന്റെ 60-70 ശതമാനം വിഡിയോകള്‍ മാത്രമേ നിങ്ങളിലേക്ക് എത്താറുള്ളു, ബാക്കി ഒരു 30 ശതമാനം ചിലപ്പോള്‍ നല്ല അനുഭവമായിരിക്കില്ല. ചിലയിടത്ത് നല്ല ഭക്ഷണമായിരിക്കില്ല, ചിലയിടത്ത് നല്ല താമസമായിരിക്കില്ല. അങ്ങനെവരുമ്‌ബോള്‍ അത്തരം സ്ഥലങ്ങളില്‍ ഞങ്ങളുടെ അഭിപ്രായം അവരെ അറിയിച്ചിട്ട് വ്ളോഗ് ഇടാതെയാണ് വരാറ്. നെഗറ്റീവ് അനുഭവങ്ങള്‍ ഇടാറില്ല. നമ്മളിലൂടെ ആളുകളിലേക്ക് അത് എത്തിക്കാറില്ലെന്ന് മാത്രമല്ല സത്യസന്ധമായി ആ ബിസിനസ്സ് മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതൊരു ഉപകാരവും ആകും.
ഇതിപ്പോ, ഞങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയിരുന്നു, അതുകഴിഞ്ഞ് വര്‍ക്കലയില്‍ വന്നു. വര്‍ക്കല ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ക്ലിഫ് ബീച്ച് ഉള്ള സ്ഥലമാണെന്നാണ് എനിക്ക് തോന്നുന്നത്. വര്‍ക്കലയില്‍ ഞാനും പ്രിയയും പോയിട്ടില്ല. അതുകൊണ്ട് അവിടെയിരുന്നു ഒരു കാപ്പിയൊക്കെ കുടിച്ച് അസ്തമയം കാണണമെന്നായിരുന്നു ആഗ്രഹം.
നല്ല വ്യൂ ഉള്ള സ്ഥലം തപ്പി നടന്നപ്പോള്‍ ഏറ്റവും ഉയരത്തിലുള്ള ഒരു കഫേ കണ്ടു. അങ്ങനെ അവിടെതന്നെ പോകാം എന്ന് തീരുമാനിച്ചു. ഞങ്ങള്‍ അവിടെ മുകളില്‍ കയറി ഓപ്പണ്‍ ടെറസിലെ ബീച്ച് സൈഡിലുള്ള സീറ്റില്‍ ഇരുന്നു. അപ്പോള്‍ ആ സീറ്റി റിസേര്‍വ്ഡ് ആണെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അത് ഞങ്ങളുടെ തെറ്റായിരുന്നു അവിടെ റിസേര്‍വ്ഡ് എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു. 6:30 ക്ക് റിസേര്‍വ്ഡ് എന്നാണ് എഴുതിയിരുന്നത്. അപ്പോള്‍ സമയം 5:45 ആയിരുന്നൊള്ളു. 6:30ക്ക് മുമ്ബ് എഴുന്നേറ്റാല്‍ പോരെ എന്ന് ചോദിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളെ എഴുന്നേല്‍പ്പിച്ചു. അതിനുശേഷം വേറൊരു കപ്പിള്‍ അവിടെവന്നിരുന്നു, അവരെയും എഴുന്നേല്‍പ്പിച്ച് വിട്ടു.
അതുകഴിഞ്ഞ് ഞങ്ങള്‍ അവിടെ ഇരിക്കുബോള്‍ തന്നെ രണ്ട് വിദേശികള്‍ വന്നു. അവരോടും പറഞ്ഞു റിസേര്‍വ്ഡ് എന്ന്. ഒരു ബിയര്‍ മാത്രം മതി എന്ന് അവര്‍ പറഞ്ഞപ്പോള്‍ അവരെ എഴുന്നേല്‍പ്പിക്കാതെ ബിയര്‍ നല്‍കി. അത് ഞങ്ങള്‍ക്ക് വളരെ മോശമായി തോന്നി. ഞങ്ങള്‍ക്ക് പരിഗണന തന്നുകൊണ്ട് ഒന്നും ചെയ്യണ്ട, പക്ഷെ. ഇതുതന്നെയല്ലെ പണ്ടും ഇവിടെ നടന്നിരുന്നത്, നിറത്തിന്റെയും നാഷണാലിറ്റിയുടെയും പേരിലുള്ള വേര്‍തിരിവ്. എനിക്കത് ഡിസ്‌ക്രിമിനേഷന്‍ ആയിതന്നെയാണ് തോന്നിയത്. അല്ലെങ്കില്‍ അവര്‍ക്കും കൊടുക്കരുതായിരുന്നു.
അവരുടെ ഇഷ്ടമാണ് ആര്‍ക്ക് കൊടുക്കണമെന്ന്. പക്ഷെ ഒരു വിദേശി വന്നപ്പോള്‍ നോ എന്ന് പറഞ്ഞിട്ടും അവരെ അവിടെ ഇരുത്തി സേര്‍വ് ചെയ്തത് വളരെ മോശമായാണ് എനിക്ക് തോന്നിയത്. ഞങ്ങള്‍ക്കത് വളരെ അപമാനമായി തോന്നി. ശരിയാണ് കോവിഡ് ഒക്കെ വന്നുകഴിഞ്ഞ് അവര്‍ കൂടുതലും വിദേശികളെയായിരിക്കും പരിഗണിക്കുന്നത് പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷം നമ്മള്‍ തന്നെയല്ലെ ഉണ്ടായിരുന്നത്.
ഞങ്ങള്‍ ഏകദേശം 18 രാജ്യങ്ങളില്‍ പോയിട്ടുണ്ട്. തായ്ലന്‍ഡ് പോലെ വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ഒരു രാജ്യം വരെ അവിടുത്തെ ആളുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അങ്ങനെയായിരിക്കണം. കാരണം അവരാണ് ടാക്സ് നല്‍കുന്നവര്‍.ഞങ്ങള്‍ ആ കഫേയില്‍ നിന്ന് ഇറങ്ങിപ്പോയി, ആരും കാരണമൊന്നും ചോദിച്ചില്ല. തൊട്ടപ്പുറത്തുള്ള കഫേയില്‍ കയറി. അവിടുന്ന് ചായ കുടിച്ച് ഇറങ്ങിയപ്പോഴും ആദ്യം കയറിയ കഫേയിലെ റിസേര്‍വ്ഡ് സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ആ കഫേയുടെ പേര് പറയാത്തത്, അത് പറഞ്ഞാല്‍ നമുക്ക് പെയ്ഡ് പ്രമോഷന്‍ ലഭിക്കാത്തത് കൊണ്ടോ വ്യക്തിപരമായ മറ്റ് പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടോ ആണെന്ന് വിചാരിക്കും. പക്ഷെ ഇതെനിക്കുണ്ടായ അനുഭവമാണ്....'' നിഹാല്‍ പറയുന്നത് ഇങ്ങനെ.നിഹാല്‍ പങ്കുവച്ച വീഡിയോയ്ക്ക താഴെ പൂര്‍ണ്ണിമയടക്കം പലരും കമന്റുകളിട്ടിട്ടുണ്ട്.