ലിയോയുടെ വമ്പന്‍ വിജയത്തിന് ശേഷം വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.പുതിയ സിനിമയുടെ പൂജയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വെങ്കട് പ്രഭുവിനൊപ്പം ആദ്യമായി വിജയ് കൈ കോര്‍ക്കുന്ന ചിത്രത്തിന് ദളപതി 68 എന്നാണ് താത്കാലികമായി പേരിട്ടിരിയ്ക്കുന്നത്.വിജയ്ക്കൊപ്പം ചിത്രത്തില്‍ കഥാപാത്രങ്ങളായി വരുന്നവരെ കുറിച്ചുള്ള വിവരങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പ്രഭു ദേവ, ജയറാം തുടങ്ങിയവര്‍ക്കൊപ്പം തമിഴിലെ നമ്പര്‍ വണ്‍ കൊമേഡിയന്‍ ആയ യോഗി ബാബുവും കഥാപാത്രമായി എത്തുന്നുണ്ട്. പുതിയ ചിത്രത്തില്‍ തനിയ്ക്കും അവസരം നല്‍കിയതിന് നന്ദി അറിയിച്ച് യോഗി ബാബു പങ്കുവച്ച ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആത്മാര്‍ത്ഥമായ സ്നേഹത്തോടെ വിജയ് യോഗി ബാബുവിന്റെ കവിളില്‍ ചുംബിയ്ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പമാണ് ട്വീറ്റ്. മനസ്സറിഞ്ഞ സ്നേഹമാണ് അതെന്ന് ആരാധകര്‍ പറയുന്നു. 'ഒരുപാട് നന്ദി വിജയ് അണ്ണാ, ഇങ്ങനെ ഒരു അവസരം തന്നതിന് വെങ്കട് പ്രഭു സാറിനും നന്ദി' എന്നാണ് യോഗി പറഞ്ഞത്. വിജയ് യെയും വെങ്കട് പ്രഭുവിനെയും ചിത്രത്തിന്റെ നിര്‍മാതാക്കളെയും എല്ലാം ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
വേലായുധം എന്ന ചിത്രത്തിലാണ് ആദ്യമായി യോഗി ബാബു വിജയ്ക്കൊപ്പം അഭിനയിച്ചത്. പിന്നീട് മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍, ബീസ്റ്റ്, വാരിസ് എന്നീ ചിത്രങ്ങളിലെല്ലാം തുടര്‍ച്ചയായി അഭിനയിച്ചു. കൊലമാവ് കോകില എന്ന നയന്‍താര ചിത്രത്തില്‍ മെയിന്‍ റോളില്‍ അഭിനയിച്ചതിന് ശേഷം തമിഴില്‍ യോഗി ബാബുവിന്റെ താരമൂല്യം വലിയ രീതിയില്‍ കൂടിയിരുന്നു. കഴിഞ്ഞ ദിവസം തമിഴിലെ സൂപ്പര്‍ താരങ്ങളെയെല്ലാം വിളിച്ച് യോഗി ബാബു തന്റെ മകളുടെ ആദ്യ ബേര്‍ത്ത് ഡേ വന്‍ ആഘോഷമാക്കി നടത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദളപതി 68 എന്ന സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍, ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് വിജയ് ഈ ചിത്രത്തില്‍ എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ഇരട്ട വേഷത്തില്‍, അച്ഛനും മകനുമായിട്ടാണ് വിജയ് അഭിനയിക്കുന്നതത്രെ. എജിഎസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന സിനിമയ്ക്ക് വേണ്ടി, ഡി-എയ്ജിങ് ടെക്നോളജിയെ കുറിച്ചറിയാന്‍ വിജയ് യും വെങ്കട് പ്രഭുവും ലോസ് ആഞ്ചല്‍സില്‍ പോയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.