ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി. കഴിഞ്ഞ ദിവസം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. സമീപ കാലങ്ങളിലെല്ലാം നടന്‍ അഭിനയിച്ച സിനിമകളിലെ പ്രകടനത്തിന് പ്രശംസ ലഭിക്കുമ്പോഴും ശരീരഭാരത്തിന്റെ പേരില്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് വിജയ് സേതുപതി. വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്.
അതിനാല്‍ വിജയ് സേതുപതിയുടെ പുതിയ മേക്കോവറിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ആവേശത്തിലാണ് ആരാധകര്‍. ക്യാപ്ഷന്‍ ഒന്നും നല്‍കാതെ ഒരു ഇമോജി മാത്രമാണ് വിജയ് സേതുപതി ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.
ഡിഎസ്പിയാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ റിലീസ്. പൊന്റാം സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം തിയറ്ററുകളിലെത്തിയത് ഈ മാസം 2 ന് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയപ്പോഴും പഴയ ഗെറ്റപ്പില്‍ തന്നെയായിരുന്നു വിജയ് സേതുപതി. ഇത്ര ചെറിയ സമയം കൊണ്ട് നടത്തിയ മേക്കോവര്‍ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
അതേസമയം, മൂന്ന് ബോളിവുഡ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മെറി ക്രിസ്മസ്, മുംബൈക്കര്‍, ജവാന്‍ എന്നിവയാണവ. കത്രീന കൈഫാണ് 'മെറി ക്രിസ്മസില്‍' നായികയായി എത്തുന്നത്. ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് വിജയ് സേതുപതി കൈകാര്യം ചെയ്യുക. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക.