രജനികാന്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളി താരം മഞ്ജു വാര്യരും പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ മഞ്ജു സിനിമയ്ക്കായുള്ള ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ നിന്നുള്ള മഞ്ജുവിന്റെ ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബറില്‍ റിലീസാകുന്ന വേട്ടയ്യന്‍ ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് സിനിമയില്‍ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്.
ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.