കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ തിയേറ്ററുകളില്‍ വലിയ വിജയമായി തീര്‍ന്ന ഒരു സിനിമയായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി മാറിയിരുന്നു. സ്വാമി അയ്യപ്പനെ ശബരിമലയില്‍ പോയി കണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹം കൊണ്ട് നടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്.
ആരാധകര്‍ പലപ്പോഴായി മാളികപ്പുറത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഉമ രാജീവ് എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് അത്. ഇത് പിന്നീട് ഉണ്ണി മുകുന്ദനും പങ്കുവച്ചു.
ഓട്ടിസം ബാധിച്ച കുട്ടി വരച്ച ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. അയ്യപ്പന്റെ ചിത്രം വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ മാളികപ്പുറം എന്ന സിനിമയില്‍ കുട്ടികളോടൊപ്പം ഉണ്ണിമുകുന്ദന്‍ നില്‍ക്കുന്ന ചിത്രമാണ് മകള്‍ അനഘ വരച്ചതെന്ന് അമ്മ അതില്‍ പറയുന്നു.മകള്‍ ആദ്യമായി തീയേറ്ററിലെത്തി കണ്ട ചിത്രമാണ് മാളികപ്പുറമെന്നും മനസിനെ വളരെയധികം സന്തോഷിപ്പിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്നലെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്. എന്റെ മകള്‍ക്ക് ഓട്ടം എന്ന അവസ്ഥയുണ്ട്. ഇപ്പോള്‍ അവള്‍ അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാന്‍ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന്‍ ഇത് കാണാന്‍ ഇടയായാല്‍ എന്റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത്.