ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി എന്ന ചിത്രത്തില്‍ തൃഷയും നായിക. മഡോണ സെബാസ്റ്റ്യനാണ് മറ്റൊരു നായിക. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം.
സെപ്തംബര്‍ 21ന് ഐഡന്റിറ്റിയുടെ ചിത്രീകരണം ആരംഭിക്കും. എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് എന്ന ചിത്രത്തിന്റെ സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് അഖില്‍ പോളും, അനസ് ഖാനും. അതേ സമയം തൃഷ അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ഐഡന്റിറ്റി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാളത്തിലേക്ക് എത്തുന്നത്.
മോഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രം റാം ആണ് തൃഷയുടെ രണ്ടാമത്തെ ചിത്രം. റാം ചിത്രീകരണ ഘട്ടത്തിലാണ്. അതേസമയം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ആണ് ടൊവിനോയുടെ പുതിയ ചിത്രം. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയന്റെ രണ്ടാം മോഷണം , അന്വേഷിപ്പിന്‍ കണ്ടെത്തും, വഴക്ക്, അദൃശ്യ ജാലകങ്ങള്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ടൊവിനോ ചിത്രങ്ങള്‍.