മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി ഞെട്ടിച്ചിരിക്കുകയാണ് നടി സുചിത്ര. മാതംഗി എന്നായിരുന്നു കഥാപാത്ര പേര്. മോഹന്‍ലാലുമൊത്തുള്ള രംഗത്തിലാണ് സുചിത്ര എത്തുന്നത്.ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് നല്‍കിയ കോസ്റ്റ്യൂമിനെ കുറിച്ചും പിന്നീട് താന്‍ തന്നെ ആവശ്യപ്പെട്ടതുപ്രകാരം അത് മാറ്റി നല്‍കിയതിനെ കുറിച്ചുമൊക്കെ അടുത്തിടെ നടി പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കോസ്റ്റ്യും ടെസ്റ്റിന്റെ സമയത്തുണ്ടായിരുന്ന വസ്ത്രമായിരുന്നില്ല ഷൂട്ടിന് ചെന്നപ്പോള്‍ തന്നതെന്നും ആ വസ്ത്രം കണ്ട് വല്ലാത്തൊരു അവസ്ഥയിലായിപ്പോയെന്നും സുചിത്ര പറയുന്നുണ്ട്. താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന കാര്യം ടിനു പാപ്പച്ചന്‍ വഴി ലിജോയെ അറിയിച്ചപ്പോള്‍ അതിന് അദ്ദേഹം നല്‍കിയ മറുപടി തന്നെ അമ്പരിപ്പിച്ചെന്നും സുചിത്ര പറയുന്നുണ്ട്.
വാലിബനിലേത് പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ പേടി ഉണ്ടായിരുന്നു. അമ്മ അറിഞ്ഞിരുന്നില്ല ഇങ്ങനത്തെ വേഷം ആണെന്ന്. ആദ്യം നിങ്ങള്‍ കണ്ട കോസ്റ്റ്യൂമേ ആയിരുന്നില്ല എന്റേത്. കുറച്ചൂടെ ഗ്ലാമറസ് ടൈപ്പ് ആയിരുന്നു. അതിട്ട് നോക്കിയ ശേഷം കോസ്റ്റ്യൂം ചേട്ടനോട് പറഞ്ഞു ഞാന്‍ ഇതില്‍ കണ്‍ഫര്‍ട്ടബിള്‍ അല്ലെന്ന്. എനിക്ക് ടെന്‍ഷന്‍ ആകുന്നു ഇതിടാന്‍ പറ്റത്തില്ലെന്ന് പറഞ്ഞു.
ശേഷം ടിനു ചേട്ടനോട് കാര്യം പറഞ്ഞു. ചേട്ടാ ഞാന്‍ കോസ്റ്റ്യൂമില്‍ അത്ര കണ്‍ഫര്‍ട്ടബിള്‍ അല്ല. എന്തെങ്കിലും ചെയ്തു തരാന്‍ പറ്റുമോന്ന് ചോദിച്ചു. അതിനെന്താ പ്രശ്‌നം ഇങ്ങനത്തെ വസ്ത്രം ആണെന്നൊന്നും പറഞ്ഞിട്ടില്ലായിരുന്നോന്ന് ടിനു ചേട്ടന്‍ ചോദിച്ചു. ഇല്ലെന്ന് ഞാനും. പുള്ളിക്കാരന്‍ പോയി ലിജോ സാറിന്റടുത്ത് പറഞ്ഞിട്ട് തിരിച്ചുവന്നു.
ഇവിടെ ശരീരം കാണിക്കാന്‍ വേണ്ടി ആരും വസ്ത്രം ധരിക്കണ്ട. അവര്‍ക്ക് കണ്‍ഫര്‍ട്ടബിള്‍ അല്ലെങ്കില്‍ മാറ്റിക്കൊടുക്കാന്‍ ലിജോ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ആര്‍ടിസ്റ്റിനെ കംഫര്‍ട്ടബിള്‍ ആക്കുക എന്നതാണ് അവര്‍ ആദ്യം ചെയ്യുന്നത്. എനിക്ക് അത്രയും അദ്ദേഹം ചെയ്തു തന്നു. കൈ കാണിക്കുന്ന വസ്ത്രം പോലും ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ആ കഥാപാത്രത്തോട് ചെയ്യുന്ന തെറ്റാണ്.ആദ്യത്തെ കോസ്റ്റ്യൂം ഞാന്‍ ഇട്ടിരുന്നെങ്കില്‍ എന്നെ വേറൊരു എക്സ്ട്രീമില്‍ പ്രേക്ഷകര്‍ എന്നെ കാണേണ്ടി വന്നേനെ. നിര്‍ബന്ധമായും പറഞ്ഞേ പറ്റൂ എന്ന് സാഹചര്യത്തിലാണ് ഞാന്‍ അത് പറഞ്ഞത്. എന്നെ പറഞ്ഞുവിടില്ലെന്ന ധൈര്യത്തിന്റെ പുറത്തും,സുചിത്ര പറഞ്ഞു.