പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിയാ പ്രകാശ് വാര്യര്‍. സിനിമയില്‍ താന്‍ അവതരിപ്പിക്കുന്നത് ഒരു ലേഡി സൂപ്പര്‍താരത്തെയാണെന്നും എല്ലാവരും വിജയിപ്പിക്കണമെന്നും സിനിമ കാണണമെന്നും പ്രിയ പറയുന്നു. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും പ്രിയ പറയുന്നു.
''ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തിരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്''.- പ്രിയ പറയുന്നു.
മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശാന്തായിരുന്നു. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഏപ്രിലില്‍ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ചിത്രത്തിന്റെ പ്രമേയം അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് ആരോപിച്ച് ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. സിനിമയ്തക്കെതിരെ വക്കില്‍ നോട്ടീസ് അടക്കമുള്ള നടപടികളുമായിട്ടാണ് ബോണി രംഗത്തെത്തിയിരിക്കുന്നത്.