കന്നഡ നടിയും നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന (35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം തായ്ലാന്‍ഡില്‍ അവധി ആഘോഷത്തിലായിരുന്നു സ്പന്ദന. പുലര്‍ച്ചെ രണ്ടു മണിയോടെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ സ്പന്ദനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സ്ഥിരീകരിച്ചു .
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്പന്ദനക്കുണ്ടായിരുന്നില്ലെന്നും, നേരത്തെ കോവിഡ് ബാധിത ആയിരുന്നെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും അവരെ അലട്ടിയിരുന്നില്ലെന്നു സ്പന്ദനയുടെ ഇളയച്ഛനും കോണ്‍ഗ്രസ് എം എല്‍ എയുമായ ബി കെ ഹരിപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ഏറ്റു വാങ്ങാന്‍ സ്പന്ദനയുടെ പിതാവുള്‍പ്പെടുന്ന സംഘം തായ്ലാന്‍ഡിലേക്കു തിരിച്ചിട്ടുണ്ട് . കന്നഡ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു വിദേശത്തുണ്ടായിരുന്ന വിജയ രാഘവേന്ദ്രയും തായ്ലാന്‍ഡില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബെംഗളുരുവിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും.
കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയും വിജയരാജേന്ദ്രയും തമ്മിലുള്ള വിവാഹം. പതിനാറാം വിവാഹവാര്‍ഷികത്തിന് പത്തൊന്‍പത് ദിവസം അവശേഷിക്കെയായിരുന്നു സ്പന്ദനയുടെ വിയോഗം. മകന്‍ ശൗര്യ.