ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്ന നടിയാണ് ശോഭാ ശങ്കര്‍. എന്നാല്‍ അഭിനയിക്കാന്‍ പോലും പോകാന്‍ കഴിയാതെ വാടക വീട്ടില്‍ ജീവിത പ്രാരാബ്ദങ്ങളില്‍പ്പെട്ട് ജീവിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് നടി. ഓട്ടിസം ബാധിതനായ മകനും വാഹനാപകടത്തില്‍പ്പെട്ട് തലയ്ക്ക് പരിക്കേറ്റ ഭര്‍ത്താവിന്റെ അവസ്ഥയ്ക്കും ഒപ്പം ഇപ്പോള്‍ വാടക വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ് ശോഭ. സ്വന്തമായി വീടോ വരുമാനമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല, മകന് ചികിത്സ നല്‍കാന്‍ പോലും കഴിയുന്നില്ല. അതിനൊപ്പമാണ് വാടക വീട് ഒഴിയണം എന്ന അന്ത്യശാസനവും എത്തിയിരിക്കുന്നത്. അതിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് നടിയും കുടുംബവും.
പത്ത് പന്ത്രണ്ട് വര്‍ഷം നിരവധി സീരിയലുകളില്‍ വേഷമിട്ട താരമാണ് ശോഭ ശങ്കര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ശോഭ എത്തിയിരിക്കുകയാണ്. 2012 ല്‍ ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ ശങ്കറിനെ ശോഭ വിവാഹം കഴിക്കുന്നത്. ശോഭയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് തന്നെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ ശങ്കര്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിന്റെ പിടിയില്‍ തന്നെ ആയിരുന്നു.
കാത്തിരിപ്പിനൊടുവില്‍ ശോഭയ്ക്കും ശങ്കറിനും ജനിച്ച മകന്‍ സൂര്യ ഓട്ടിസം ബാധിതനുമാണ്. ഇതിനിടയില്‍ ശങ്കര്‍ നടത്തിയിരുന്ന പ്ലംബിംഗ് ഹാര്‍ഡ്വെയര്‍ ബിസിനസ് തകര്‍ന്നിരുന്നു. ഭര്‍ത്താവിനെയും മകനെയും നോക്കാനുള്ള പ്രയാസം കാരണം ശോഭയ്ക്ക് പിന്നീട് ഷൂട്ടിങ്ങിന് പോകാന്‍ സാധിക്കാതെ വരികയും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരികയും ചെയ്തു. അതോടെ ജീവിക്കാനുള്ള എല്ലാ മാര്‍ഗവും ഈ കുടുംബത്തിന് മുന്നില്‍ അവസാനിക്കുകയായിരുന്നു.
ഇതിനിടെ വാടക വീട്ടില്‍ നിന്നും വാടക കൃത്യമായി നല്‍കാന്‍ സാധിക്കാത്തതോടെ ഒഴിഞ്ഞു കൊടുക്കണം എന്ന് വീട്ടുടമ നല്‍കിയ പരാതിയിന്മേല്‍ കോടതി ഉത്തരവ് കൂടി വന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണ്. മകന്‍ ഒരു സാധാരണ കുഞ്ഞായിരുന്നെങ്കില്‍ സ്‌കൂളിലോ മറ്റോ വിട്ടിട്ട് വെിടെയെങ്കിലും ജോലിക്ക് പോകാമായിരുന്നു. എന്നാല്‍ ഓട്ടിസം ബാധിച്ച മകനായതിനാല്‍ തന്നെ അതിനു പറ്റാത്ത അവസ്ഥയാണ്. ജീവിക്കാന്‍ റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് നടി ഇപ്പോള്‍. എന്നെ ഒന്നു സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. മകന്റെയും ഭര്‍ത്താവിന്റെയും ദുരിതം ഇങ്ങനെ കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല. എവിടെയെങ്കിലും ഒന്ന് നില്‍ക്കാന്‍ ഒരു ഇടം വേണം. ഒരു വാടകവീട് എടുത്താല്‍ അതിനു വാടക കൊടുക്കാനുള്ള നിവൃത്തിയില്ല.
മകന് തെറാപ്പി കൊടുക്കണം. ബ്രെയിന്‍ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് തെറാപ്പി കൊടുക്കുന്നത്. അത് ഈ സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലായെന്നാണ് ശോഭ കണ്ണീരോടെ പറയുന്നത്. തിങ്കളാഴ്ചക്കുള്ളില്‍ വീട് ഒഴിഞ്ഞു കൊടുക്കണം എന്നാണ് കോടതി ഉത്തരവ്. വീടുവിട്ടിറങ്ങിയാല്‍ ശോഭയും കുടുംബവും എവിടേക്ക് പോകണം എന്നറിയാതെ വലയുകയാണ്. മകന്റെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കായി മാത്രം മാസം 7000 രൂപ ശോഭയ്ക്ക് വേണം. സുരക്ഷിതമായ ഒരു പാര്‍പ്പിടം കിട്ടിയാല്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും. അതിനുള്ള സഹായം തേടുകയാണ് ശോഭയും കുടുംബവും.