കുങ്കുമപ്പൂവ് എന്ന ഒരൊറ്റ സീരിയലിലൂടെ ശാലിനി ആയെത്തി മിനിസ്‌ക്രീന്‍ ആരാധകര്‍ക്കു മുഴുവന്‍ പ്രിയങ്കരിയായ നടിയാണ് ഷെല്ലി കിഷോര്‍. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച ദുഃഖപുത്രി കഥാപാത്രമായിരുന്നു ശാലിനി. പിന്നീടും ഷെല്ലിയെ തേടി നിരവധി സീരിയിലുകളെത്തി. സിനിമയില്‍ അഭിനയിച്ചിരുന്നു വെങ്കിലും ഷെല്ലിയ്ക്ക് ബ്രേക്ക് ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് ഷെല്ലി സിനിമയിലേക്ക് തിരികെ വരുന്നത്. സിനിമ കണ്ടവരാരും ഉഷയെ മറക്കില്ല. ഷിബുവിന്റേയും ഉഷയുടേയും പ്രണയം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ, ഷെല്ലിയുടെ സ്വകാര്യ ജീവിതത്തിലെ ചില വേദനിപ്പിക്കുന്ന സത്യങ്ങളാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിനിയാണ് ഷെല്ലി എങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. സിവില്‍ എന്‍ജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് മടങ്ങി വരുന്നത്. നാട്ടിലെത്തിയ ഷെല്ലി മാസ് കമ്യൂണിക്കേഷന്‍ പഠിച്ച ശേഷം കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. കുങ്കുമപൂവിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ ആണ് ഷെല്ലിയുടെ ഭര്‍ത്താവ്. ശാലിനിയുടെ റോള്‍ ചെയ്യാന്‍ പലരെയും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. ഒടുവിലാണ് ഷെല്ലിയോട് ചെയ്യാമോ എന്ന് ചോദ്യമെത്തിയത്. വിവാഹശേഷം പിജിക്കു പഠിക്കുന്ന സമയമായിരുന്നെങ്കിലും ഷെല്ലി അഭിനയിച്ചു. തികച്ചും സ്വാഭാവിക അഭിനയമായതോടെ താരം ഹിറ്റായി.
കുങ്കുമപ്പൂവ് ക്ലൈമാക്‌സില്‍ നായിക ശാലിനി ഗര്‍ഭിണിയായ അതേസമയം യഥാര്‍ഥ ജീവിതത്തിലും ഷെല്ലി ഗര്‍ഭിണിയായിരുന്നു. സീരിയല്‍ തീര്‍ന്നതോടെ കുഞ്ഞിന്റെ കാര്യം നോക്കാനായി താരം അഭിനയരംഗത്ത് നിന്നും പിന്‍മാറുകയും ചെയ്തു. ആണ്‍കുഞ്ഞാണ് നടിയ്ക്കും കിഷോറിനും ജനിച്ചത്. യുവന്‍ കിഷോര്‍. അവന്റെ ജനനശേഷമാണ് മനസിലായത് ഓട്ടിസം എന്ന രോഗാവസ്ഥ മകനുണ്ടെന്ന്. വളരെയധികം തകര്‍ന്നു പോയ നിമിഷങ്ങളായിരുന്നു അത്. എങ്കിലും മാനസിക ധൈര്യം കൊണ്ട് എല്ലാം നേരിടുകയായിരുന്നു. മകന്റെ ജനനശേഷം കുറച്ചുകാലം നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ദുബായില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ താരവും അങ്ങോട്ട് പോയി.
അതിനൊപ്പം പഠനവം. ബിരുദാനന്തര ബിരുദത്തിന് പുറമേ എമിറേറ്റ്‌സ് ട്രെയിനിങ് കോളജില്‍ നിന്ന് എയര്‍പാസഞ്ചര്‍ ഹാന്‍ഡിലിങ് കോഴ്‌സ് പഠിച്ചിട്ടുള്ള ഷെല്ലി അതിനു ശേഷം സിംഗപ്പൂരില്‍ ഒക്കലഹാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ചെയ്തു. ഇഗ്‌നോയില്‍നിന്നാണ് ബി.എ സോഷ്യോളജി പാസായത്. ഇ ഗവേണന്‍സ് ഡിപ്ലോമ ചെയ്തു. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സിന്റെ എന്‍ട്രന്‍സും ഷെല്ലി എഴുതിയിട്ടുണ്ട്. ജെ.എന്‍.യുവില്‍ പഠിക്കാനുള്ള പരീക്ഷയാണ് അത്. ഇതെല്ലാം ചെയ്യുമ്പോഴും സ്വകാര്യ ജീവിതത്തില്‍ മകനുണ്ടായ വിധി നടിയെ ഏറെ വേദനിപ്പിച്ചിരുന്നു. അതിനിടെയാണ് മകന് എഡിഎച്ച്ഡി എന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം എന്ന അവസ്ഥയും ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഇപ്പോള്‍ 10 വയസുകാരനാണ് നടിയുടെ മകന്‍. കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവേയാണ് മകന്റെ അവസ്ഥയെ കുറിച്ച് നടി ആദ്യമായി തുറന്നു പറഞ്ഞത്. ഇവിടുത്തെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ആണ് ആദ്യം നന്ദി പറയാനുള്ളത്. ഒരു വീടിനുള്ളില്‍ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവ് പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും മികച്ച കാര്യം. തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണം എന്ന് അവരുടെ മനസിലുള്ളതിനാലാണ്. അതിന് ആദ്യം തന്നെ അവരോട് നന്ദി പറയേണ്ടതുണ്ട്.'' ഷെല്ലി പറയുന്നു.
മകന്‍ പിറന്ന് നാലുവര്‍ഷം കഴിഞ്ഞും സ്ത്രീപദത്തിലെ ബാലസുധ എന്ന വേഷവും തങ്കമീന്‍കള്‍ എന്ന തമിഴ് സിനിമയിലും പിന്നീട് മിന്നല്‍ മുരളിയിലുമെല്ലാം ശ്രദ്ധേയമായ വേഷമാണ് ഷെല്ലി അഭിനയിച്ചത്.