മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തിയെ 'യാത്ര 2'വിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ സംഘര്‍ഷം. ജഗന് മോഹന്‍ റെഡ്ഡിയുടെയും പവന് കല്യാണിന്റെയും ആരാധകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇപ്പോഴിതാ ഹൈദരാബാദില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ഒരു തിയേറ്ററില്‍ നിന്നുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മഹി വി രാഘവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും ജീവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം യാത്ര 2 ഇന്നലെ തിയറ്ററുകളിലെത്തിയത്. 2019 ല്‍ പുറത്തെത്തിയ യാത്രയുടെ സീക്വല്‍ ആണിത്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ ഒരേട് പശ്ചാത്തലമാക്കിയ യാത്രയില്‍ വൈഎസ്ആര്‍ ആയി എത്തിയത് മമ്മൂട്ടി ആയിരുന്നു.
യാത്ര 2 ലും മമ്മൂട്ടി ഇതേ കഥാപാത്രമായി ഉണ്ടെങ്കിലും വൈഎസ്ആറിന്റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന് മോഹന്‍ റെഡ്ഡിക്കാവും പുതിയ ചിത്രത്തില്‍ പ്രാധാന്യം. ജീവയാണ് ജഗന് മോഹന്‍ റെഡ്ഡിയായി ചിത്രത്തില്‍ എത്തുന്നത്. കാണികള്‍ തമ്മില്‍ തിയറ്ററില്‍ ഹാളില്‍ പൊരിഞ്ഞ അടി നടക്കുന്നതിന്റെ വീഡിയോ ആണിത്. ഹൈദരാബാദിനെ പ്രസാദ്സ് മള്‍ട്ടിപ്ലെക്സില്‍ നിന്നുള്ള രംഗങ്ങളാണ് ഇത്.
ജഗന് മോഹന്‍ റെഡ്ഡിയുടെയും പവന് കല്യാണിന്റെയും ആരാധകരാണ് തമ്മിലടിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു. ഇതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. രാഷ്ട്രീയ എതിരാളികളാണ് ജഗന് മോഹന്‍ റെഡ്ഡിയും പവന് കല്യാണും. ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ പവന് കല്യാണ്‍ 2014 ല്‍ ജന സേനാ പാര്‍ട്ടി എന്ന കക്ഷിക്ക് തുടക്കം കുറിച്ചു. നിലവില്‍ പാര്‍ട്ടി പ്രസിഡന്റ് ആണ്.