മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായ പേര് സന്തോഷ് വര്‍ക്കിയുടേതായിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വന്‍ ഹിറ്റാവുകയും ചെയ്തു. പിന്നാലെ നടിമാരോടുള്ള പ്രണയത്തിന്റെ പേരിലടക്കം വിവാദങ്ങള്‍ക്കൊപ്പം ആയിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെക്കുറിച്ചുള്ള സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വളരെ ചര്‍ച്ചയായിരുന്നു. ഇപ്പോളിത ബാല സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിച്ചിരിക്കുകയാണ്.
തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. പതിവ് രീതിയിലല്ല താന്‍ സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസ്സില്‍ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും ബാല പറയുന്നു. അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്.വര്‍ക്കിയെ നല്ലതുപോലെ ഉപദേശിച്ചാണ് ബാല ഓരോ പരാമര്‍ശത്തിനും മാപ്പ് പറയിച്ചത്.
ഒരു നടന്റെ സിനിമയെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാം, അയാളുടെ വ്യക്തിജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാന്‍ അധികാരമില്ല. അത് തെറ്റാണോ എന്ന ബാലയുടെ ചോദ്യത്തിന് 'തെറ്റാണ്' എന്നാണ് സന്തോഷ് വര്‍ക്കി നല്കിയ മറുപടി. എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ എന്നതിലും സന്തോഷ് വര്‍ക്കി 'ഇല്ല' എന്ന് മറുപടി പറഞ്ഞു. ലാല്‍ സാറിനെക്കുറിച്ച് അങ്ങനെ പറഞ്ഞതില്‍ വിഷമമുണ്ട്' എന്ന് വര്‍ക്കി പറഞ്ഞിട്ടും ഭാര്യ സുചിത്രയോടും മാപ്പു പറയണമെന്ന് ബാല ശഠിച്ചു.
ഒരു നടിയെക്കുറിച്ച് നടത്തിയ ബോഡി ഷെയിമിങ്ങിനും അത് ചെയ്യാന്‍ പാടില്ലാത്തതായിരുന്നു എന്ന് സന്തോഷ് ബാലയുടെ മുന്നില്‍വച്ച് കുറ്റം ഏറ്റുപറഞ്ഞു. 'നമ്മുടെ വീട്ടില്‍ ഉള്ള ആരെയെങ്കിലും കുറിച്ച് അങ്ങനെ പറഞ്ഞാല്‍ അവരുടെ സഹോദരന്മാരോ മറ്റോ വെറുതെ വിടുമോ? ദിസ് ഈസ് റോങ്ങ്' എന്നായിരുന്നു ബാലയുടെ പ്രതികരണം. ഒരു പടം കണ്ട് ഏതൊരാള്‍ക്കും അവരുടെ വ്യക്തിപരമായ അഭിപ്രായം പറയാം. എന്നാല്‍ ഒരു നടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചോ, ഒരു നടന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ പറയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല, ബാല കൂട്ടിച്ചേര്‍ത്തു.
താന്‍ ഉള്‍പ്പെടുന്ന ലാലേട്ടന് ഫാന്‍സ് പ്രതികരിക്കുമെന്ന് പറഞ്ഞ ബാല സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നു. മോഹന്‍ലാല്‍, ഭാര്യ സുചിത്ര, മോഹന്‍ലാലിന്റെ ഫാന്‍സ്, ബോഡി ഷെയിമിങ് ചെയ്ത നടി എന്നിവരോട് സന്തോഷ് വര്‍ക്കി പരസ്യമായി മാപ്പ് പറഞ്ഞു. ഇനി മേലാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതെ, നല്ല റിവ്യൂസ് ചെയ്യണം എന്ന് ഉപദേശം നല്കിക്കൂടിയുമാണ് ബാല സന്തോഷ് വര്‍ക്കിയെ തിരികെവിട്ടത്.