ടെലിവിഷന്‍ പരിപാടികളില്‍ നിന്നും സിനിമാ ഇന്ഡസ്ട്രിയിലേയ്ക്ക് ചേക്കേറി വിജയം കൈവരിച്ച തമിഴ് താരങ്ങളില്‍ ഒരാളാണ് സന്താനം. കോമഡി താരമായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളില്‍ തിളങ്ങുകയും, പിന്നീട് നായകപദവിയില്‍ എത്തുകയും ചെയ്തു.
സന്താനത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡിഡി റിട്ടേണ്‍സ്' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയചിത്രമായി പ്രദര്‍ശനം തുടരുകയാണ്. പ്രേം ആനന്ദ് സംവിധാനം ചെയ്ത പ്രേത കോമഡിയില്‍ മാരന്‍, മൊട്ടൈ രാജേന്ദ്രന്‍, തങ്കദുരൈ, ബെപിന്‍, ഫെഫ്എസ്‌ഐ വിജയന്‍, ദീപ, റെഡിന്‍ കിംഗ്സ്ലി, സുരഭി തുടങ്ങി നിരവധി ഹാസ്യനടന്മാരുമുണ്ട്.
'ഡിഡി റിട്ടേണ്‍സ്' എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെ നയന്‍താരയെക്കുറിച്ചും വിഘ്നേശ് ശിവനെക്കുറിച്ചും നടന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദന്ധ നേടുന്നത്. 'വല്ലവന്‍' മുതല്‍ നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള നയന്‍താരയുമായുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം.
നയന്‍ താര സ്വന്തം അനുജത്തിയെ പോലെയാണെന്നും നയന്‍താരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ മക്കളായ ഉലകിന്റെയും, ഉയിരിന്റെയും കാതുകുത്തല്‍ ചടങ്ങ് മാതൃസഹോദരനെപ്പോലെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'എകെ 62' സിനിമയില്‍ നിന്നും നിര്‍ഭാഗ്യവശാല്‍ ഒഴിവാക്കേണ്ടി വന്നു എന്നും, ഹാസ്യവും ഗൗരവവും കലര്‍ന്ന ശക്തമായ കഥാപാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും സന്താനം വെളിപ്പെടുത്തി.
കഥാ വിവരണത്തിനായി പോയപ്പോള്‍ നയനും വിക്കിയും തനിക്ക് ഉച്ചഭക്ഷണം നല്‍കുകയും അവരുടെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നതായും നടന്‍ പറഞ്ഞു. മാപ്പിളൈ വിനായകര്‍, സെര്‍വര്‍ സുന്ദരം, വിശാല്‍ നായകനാകുന്ന മദഗജരാജ എന്നിവയാണ് താരത്തിന്റെ റിലീസ് ആകാനിരിക്കുന്ന ചിത്രങ്ങള്‍.