ലോകേഷ് ചിത്രം 'ലിയോ'യില്‍ ഏറെ ചര്‍ച്ചയായ വില്ലനാണ് സാന്‍ഡി മാസ്റ്റര്‍. കൊറിയോഗ്രാഫറായി സിനിമ ആരാധകരുടെ കൈയടി വാങ്ങിയ അദ്ദേഹം തമിഴിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ലിയോയില്‍ തുടക്കത്തില്‍ തന്നെ വളരെ നല്ല പ്രകടനമാണ് താരം കാഴ്ച വച്ചത്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാന്‍ഡി.
ഈ വിവരം സംവിധായകന്‍ ലോകേഷ് തന്നെയാണ് തന്റെ എക്‌സ് പേജിലൂടെ പങ്കുവച്ചത്. ശൂന്യ സംവിധാനം ചെയ്യുന്ന 'റോസി' എന്ന് ചിത്രത്തിലൂടെയാണ് സാന്‍ഡി കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യോഗേഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആണ്ഡാള്‍ എന്ന കഥാപാത്രമായി വേറിട്ട ഗെറ്റപ്പിലാണ് സാന്‍ഡി ഫസ്റ്റ്ലുക്കില്‍ എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് താരത്തിന്റെ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. 2021ല്‍ പുറത്തിറങ്ങിയ '3.33' എന്ന ചിത്രത്തിലൂടെയായിരുന്നു നടനായുള്ള സാന്‍ഡിയുടെ അരങ്ങേറ്റം.