ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന കഥയുമായിട്ടാണ് റോക്കട്രി ദി നമ്പി ഇഫക്ടുമായി മാധവന്‍ എത്തുന്നത്. ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഐ.എസ്.ആര്‍.ഒ ചാരക്കേസും നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ അനധികൃത കാരാഗ്രഹ വാസവും പിന്നീട് നിയമയുദ്ധത്തിലൂടെ നമ്പി നേടിയ വിജയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നമ്പി നാരായണന്റെ ബയോ പിക്കുമായി മാധവന്‍ എത്തുമ്പോള്‍ കാത്തിരപ്പിലാണ് ആരാധകരും. റോക്കട്രി ദി നമ്പി ഇഫട്ക്‌സിന്റെ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. ഇതിന് പിന്നാലെ ഇപ്പോള്‍ നമ്പി നാരായണനായുള്ള തന്റെ രൂപമാറ്റത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് മാധവന്‍.
പതിനാല് മണിക്കൂറുകളോളം മേക്കപ്പിനു വേണ്ടി ചെലവഴിച്ചാണ് മാധവന്‍ ഈ നമ്പി നാരായണന്‍ ലുക്കിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട മേക്കപ്പ് സെക്ഷന്റെ ഒരു വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. രണ്ടുവര്‍ഷമെടുത്താണ് നമ്പി നാരായണന്‍ എന്ന കഥാപാത്രത്തെ താന്‍ മനസ്സിലാക്കിയതെങ്കില്‍ ആ ലുക്ക് അതുപോലെ ലഭിക്കാനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത് എന്നായിരുന്നു മേക്കപ്പ് സെക്ഷനെ കുറിച്ചുള്ള മാധവന്റെ കമന്റ്.
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ സഹസംവിധായകനായും മാധവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിത്രത്തില്‍ നായിക ഇല്ലെന്ന് മുന്‍പ് മാധവന്‍ വെളിപ്പെടുത്തിയിരുന്നു. നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലില്‍ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്ന് മാധവന്‍ വ്യക്തമാക്കിയിരുന്നു. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇന്‍ഡസ്ട്രിയിലെയും മുന്‍നിരതാരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളിയും 'ക്യാപ്റ്റന്‍' സിനിമയുടെ സംവിധായകനുമായ പ്രജേഷ് സെനും ചിത്രത്തിന്റെ സംവിധാനസഹായിയായി മാധവനൊപ്പമുണ്ട്.
''ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്,'' തിരക്കഥയെഴുത്തിനെ കുറിച്ച് മാധവന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ റോക്കട്രി ദ നമ്പിയില്‍ നിന്ന് ആനന്ദ് മഹാദേവന്‍ പിന്മാറിയതോടെ സംവിധായക റോള്‍ മാധവന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.