തന്റെ പുതിയ ചിത്രമായ ജയിലര്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഹിമാലയത്തില്‍ ആത്മീയയാത്രയിലാണ് രജനികാന്ത്. ജയിലര്‍ റിലീസിനോടനുബന്ധിച്ച് താരം യാത്രയ്ക്കുപോയത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഇഷ്ടതാരത്തെ കാണാന്‍ ചെന്നൈയില്‍ നിന്ന് ഉത്തരാഖണ്ഡ് വരെ കാല്‍നടയായി ഒരാരാധകന്‍ എത്തിയും ഇദ്ദേഹത്തെ രജനികാന്ത് സഹായിച്ചതുമാണ് ശ്രദ്ധ നേടുന്നത്.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധനേടുന്നു
ഉത്തരാഖണ്ഡിലെ ബാബ്ജി ഗുഹയ്ക്കടുത്തുവച്ചാണ് ആരാധകനും രജനികാന്തും കണ്ടത്. ഇവിടുത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം പുറത്തിറങ്ങിയപ്പോഴാണ് ആരാധകനെ രജനികാന്ത് കണ്ടത്. ഏതാണ്ട് 55 ദിവസം എടുത്താണ് ചെന്നൈയില്‍ നിന്ന് ഉത്തരാഖണ്ഡില്‍ എത്തുന്നത്. തണുത്ത കാലാവസ്ഥയില്‍ മരച്ചുവട്ടിലാണ് ആ ചെറുപ്പക്കാരന്‍ കിടന്നിരുന്നതെന്ന് അറിഞ്ഞപ്പോള്‍ ഒരു സന്യാസിക്കൊപ്പം യുവാവിനെ പറഞ്ഞയയ്ക്കുകയും രജനികാന്ത് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
ഋഷികേശ്, ബദ്രിനാഥ്, ദ്വാരക, ബാബ്ജി ഗുഹ എന്നിവിടങ്ങളിലാണ് ആത്മീയ യാത്രയുടെ ഭാഗമായി രജനികാന്ത് പോയത്. ആത്മീയ ഗുരുക്കന്‍മാരുടെ അനുഗ്രഹം തേടി സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തിലേക്കായിരുന്നു രജനി ആദ്യം എത്തിയത്. രജനിയുടെ ബാബ്ജി ഗുഹാസന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം രജനികാന്ത് നായകനായ ജയിലര്‍ ആഗോളതലത്തില്‍ 450 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്.