മലയാളസിനിമയുടെ എക്കാലത്തെയും സൂപ്പര്‍ ഹീറോയാണ് നടന് ജയന്. സിനിമാലോകത്ത ഞെട്ടിച്ചുകൊണ്ടാണ് നിരവധി സിനിമകള്‍ ബാക്കിയാക്കി താരം അഭിനയലോകത്തോട് വിടപറഞ്ഞത്. എന്നും മലയാളസിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് ജയന്. താരത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവച്ച് നിരവധി പേരാണ് എത്താറുളളത്. ഇപ്പോള്‍ വൈറലാകുന്നത് ജയനെ കുറിച്ചുളള രഘുനാഥ് പലേരിയുടെ വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റാണ്.
ഒരു യാത്രയില്‍ കൂട്ടായി വന്നതാണ് ഉമേഷ്. യാത്രക്കിടയില്‍ പലപ്പോഴും ഉമേഷ്നെ സുമേഷ് എന്നാണ് വിളിച്ചിരുന്നത്. ആദ്യാക്ഷരം സ്ഥാനം മാറി മനസ്സില്‍ വരുന്നത് ആ അക്ഷരം പലയാവിര്ത്തി ഉച്ചരിക്കുന്നതുകൊണ്ടാവാം എന്നു തോന്നാറുണ്ട്. ഉമേഷ് ഭംഗിയായി വാഹനം ഓടിക്കും. മിതമായ വേഗത. ഹോണടിച്ചും വെട്ടിച്ചും കുലുക്കിയും തുള്ളിച്ചാടിച്ചും ചക്രം തിരിക്കാതെ വായുവിലങ്ങിനെ ഒഴുകുംപോലൊരു യാത്ര. പോളിംഗ ബുത്തുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ശാന്തമായ പകല്‍ നേരത്തായിരുന്നു സഞ്ചാരം. വാഹന സാരഥിയാവും മുന്‍പ് ഉമേഷ് ഒരു വ്യവസായ സംരംഭകനായിരുന്നു. കടല മുട്ടായി, മിക്സ്ച്ചര്‍, അയനാസ് തുടങ്ങിയ പലഹാരങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി പായ്ക്ക് ചെയ്ത് വില്‍ക്കലായിരുന്നു വരുമാന മാര്‍ഗം. ഒന്നിനു പിറകെ ഒന്നായി വന്ന തടസ്സങ്ങള്‍ കാരണം സാവകാശം അത് നിന്നു.
തടസ്സങ്ങളും പ്രയാസങ്ങളും ഏത് വഴിക്കും വരും. ശര്ക്കരപാവ്പോലെ അവ ചുറ്റും വന്നു നിറയും. കട്ടപിടിക്കും. പൊട്ടിച്ചു പുറത്ത് കടക്കാന്‍ നിര്‍വ്വാഹമില്ലാതെ അതിന്നുള്ളില്‍ തന്നെ ഉറഞ്ഞു പോവും. ജീവിതം അങ്ങിനെയാണ്. അതൊരു കടല മുട്ടായി ആണ്. ഒരാള്‍ മുട്ടായി ആയി മാറുമ്ബോള്‍ അത് കടിച്ചു മുറിച്ചു തിന്നുന്നത് മറ്റാരോക്കെയോ ആണ്. അവനവന് വിശപ്പാറ്റാനും മനസ്സാറ്റാനും അതിലൊരു തരി കിട്ടുന്നവര്‍ ഭാഗ്യവാന്മാര്.
ഉമേഷ് പലര്‍ക്കും മുട്ടായി ആയി മാറിയെങ്കിലും ഉമേഷിന്റെ അഛനും മുത്തഛനും മുട്ടായി ആയത് ജയനായിരുന്നു. ഒരുകാലത്ത് വെള്ളിത്തിരയിലെ സൂര്യനായ ജയന്. ഇന്‍ഡ്യന്‍ നേവിയിലെ കൃഷ്ണന്‍നായര്‍. ജയനെ എനിക്ക് നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഒരു സിനിമയും തിരക്കഥയുമെല്ലാം ഒത്തു വരുന്നതിനിടെ ജയനങ്ങ് പറന്നു പോയി. അതൊരു വല്ലാത്ത പറക്കലായിരുന്നു.
ആ കാലത്ത് ഉമേഷിന്റെ അഛനും മുത്തഛനും തടസ്സങ്ങളുടെ ശര്‍ക്കരപ്പാവ് വന്നു നിറയുന്ന കടലോരത്തായിരുന്നു. എങ്ങിനെ പൊട്ടിച്ചു പുറത്തു വരണമെന്നറിയാതെ ജയന്റെ ആരാധകനായ അഛന് നേരെ ശിവകാശിയില്‍ ചെന്നു. കിട്ടാവുന്നത്ര ജയന് ചിത്രങ്ങള്‍ അച്ചടിച്ചു വാങ്ങി പലയിടത്തും നടന്നു വിറ്റു. ഒടുക്കും ആ മുട്ടായി ചിത്രങ്ങള്‍ വിറ്റു വിറ്റ് അഞ്ച് സെന്റ് ഭൂമി വാങ്ങി കുഞ്ഞു വീടും വെച്ചു. ഉമേഷ് പറഞ്ഞു നിര്‍ത്തി.'ഉമേഷ് ജയനെ കണ്ടിട്ടുണ്ടോ..?''ഇല്ല, കേട്ടിട്ടേ ഉള്ളൂ. അഛന് ജീവനാണ്.'ഏതോ ബ്രഹ്മാണ്ട വിഹായസ്സിലെ മേലാപ്പിലിരുന്ന് ജയന് ഉമേഷിന്റെ വാക്കുകള്‍ കേട്ടിരിക്കാം. മുഖത്ത് വന്നു നിറഞ്ഞ സ്നേഹവും ആനന്ദം കണ്ടിരിക്കാം- രഘുനാഥ് പാലേരി കുറിച്ചു.