സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍. തന്നെക്കുറിച്ചും ചിത്രത്തെക്കുറിച്ചും പ്രചരിക്കുന്നത് അസംബന്ധമാണെന്നും കര്‍ണ്ണന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും വിമല്‍ പ്രതികരിക്കുന്നു. മഹാവീര്‍ കര്‍ണ്ണയുടെ 18 ദിവസം നീണ്ട ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇനി രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങളിലാണ്. സിനിമയെക്കുറിച്ചും എന്നെക്കുറിച്ചും ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കര്‍ണ്ണന്‍ ഒരു ഗംഭീര ചിത്രമാക്കാനുള്ള തിരക്കിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബാഹുബലി: ദ കണ്‍ക്ലൂഷന്‍' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റിലാണ് 'മഹാവീര്‍ കര്‍ണ്ണ' ഒരുങ്ങുന്നത്. 'ബാഹുബ'ലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നിരുന്നതെങ്കില്‍ ഈ ഇതിഹാസചിത്രത്തിന്റെ ബജറ്റ് 300 കോടി രൂപയാണ്.
ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. കുന്തിയുടെ മകനായ കര്‍ണ്ണന്റെ വീക്ഷണകോണില്‍ നിന്നുമുള്ള മഹാഭാരത ആഖ്യാനമാണ് 'മഹാവീര കര്‍ണ്ണന്‍' ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള യുണൈറ്റ് ഫിലിം കിംഗ്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പകുതിയോടെ 'മഹാവീര്‍ കര്‍ണ്ണ' തിയേറ്ററുകളിലെത്തും.
പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കര്‍ണന്‍. പിന്നീട് നിര്‍മ്മാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാല്‍ മലയാള സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ച് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ അറിയിക്കുകയായിരുന്നു.