അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് വിനായകനെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിച്ചു. പെട്ടന്നുണ്ടായ പ്രകോപനം കൊണ്ടാണ് അത്തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് നടത്തിയതെന്ന് വിനായകന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകന്‍ പൊലീസിനോടു പറഞ്ഞു. വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചെന്നാണു റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പൊലീസിനോട് പറഞ്ഞു.
കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് പൊലീസ് വിനായകന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
വിലാപയാത്രക്കിടെയാണ് നടന്‍ വിനായകന്‍ സമൂഹ മാധ്യമങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികള്‍ എത്തിയതോടെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കല്‍ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനല്‍ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹവുമായി വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു ഫേസ്ബുക് ലൈവിലൂടെ വിനായകന്റെ വിവാദ പരാമര്‍ശം. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫേസ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.
എന്നാല്‍ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി പിന്‍വലിക്കാന്‍ തയാറായില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ളാറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകര്‍ ഫ്ളാറ്റ് ആക്രമിച്ചെന്നും ജനല്‍ ചില്ലുകള്‍ പൊട്ടിച്ചുവെന്നും കാണിച്ച് വിനായകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിനായകനെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്. താരസംഘടനയായ അമ്മയില്‍ വിനായകന്‍ അംഗമല്ല.