മലയാളത്തിന്റെ ജനപ്രിയനായകനാണ് ദിലീപ്. നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ദ നേടുന്നത്.
ഓഡിയോ ലോഞ്ചില്‍ ദിലീപ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
'ഈ വേദിയില്‍ ഇന്ന് രണ്ട് ചടങ്ങുകള്‍ ആണ് നടന്നത്, വലിയ സന്തോഷമുണ്ട്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച്, അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയറ്റര്‍ അസോസിയേഷന്റെ പുതിയ സംരംഭം. ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍.
നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ അത് എന്തിനുവേണ്ടിയാണെന്നും പറയുകയുണ്ടായി. ഫിയോക് എന്ന സംഘടനയ്ക്ക് വലിയ ഷോ ചെയ്യാന്‍ ഒക്കെയുള്ള പരിമിതികള്‍ ഒക്കെയുണ്ട്. അങ്ങനെ വിജയേട്ടന് കണ്ടുപിടിച്ച ഒരാശയമാണ്. ലിയോ എന്ന സിനിമ വിതരണത്തിനെടുത്ത് തുടങ്ങാം എന്നായിരുന്നു തീരുമാനം. പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ വന്നു ജനറല്‍ ബോഡി കൂടി അവസാന തീരുമാനമായി. പത്തിരുപത് വര്‍ഷമായി വിതരണരംഗത്തുള്ള ആളാണ് നമ്മളൊക്കെ, എന്റെ അടുത്ത പടം ലിസ്റ്റിന്റെയും പിന്നീടുള്ളത് ഗോകുലത്തിന്റെയും ആയതിനാല്‍, ഈ സിനിമയിലൂടെ അത് ചെയ്യാം എന്ന് ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. തിയറ്റര്‍ അസോസിയേഷന്റെ പിന്തുണയുമുണ്ട്. പല ആളുകളും ഇതിനെ വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇതൊരു നന്മയ്ക്കു വേണ്ടി മാത്രമുള്ള ചുവടുവയ്പ്പാണ്.
ഇന്ന് ഇത്രയധികം ആളുകള്‍ വന്നതില്‍ വലിയ സന്തോഷം. എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊന്‍പത് വര്‍ഷമായി കൊച്ചു കൊച്ചു വേഷങ്ങള്‍ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാന്‍. സത്യസന്ധമായി പറഞ്ഞാല്‍ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാന്‍ ഇത്രയും പ്രശ്നത്തില്‍ നില്ക്കുമ്പോള് പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിര്‍മിക്കുന്ന എന്റെ നിര്‍മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍ അങ്ങനെ കൂടെ പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുടെ പ്രാര്‍ഥനയാണ് ഈ ഞാന്‍. ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149-ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്ക്കാന് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റര്ടെയ്ന്മെന്റ് എന്നാണ്. ഒരു നടന് എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവന് നന്നായി എഴുതിയ കഥ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണു എന്റെ സിനിമ കാണാന്‍ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്. വിനീത് എനിക്ക് സഹോദരനെപ്പോലെ തന്നെയാണ്. ചിരിച്ചു നില്ക്കുന്ന മുഖത്തെയോടെയാണ് എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ളത്. മലയാള സിനിമയിലേക്ക് അഞ്ചു നായികമാരെകൂടിയാണ് നമ്മള് ഈ സിനിമയിലൂടെ കൊടുക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുപാട് നായികമാര്‍ എന്റെ സിനിമയിലൂടെ വന്നിട്ടുണ്ട്. ഈ അഞ്ച് നായികമാരും കഴിവുള്ളവരാണ്.
എഡിറ്റര്‍ ദീപു, മ്യൂസിക്ക് ഡയറക്ടര്‍ മിഥുന്, ക്യാമറമാന് സനു താഹിര്‍. പിന്നെ ഇവിടെ ഇരിക്കുന്ന ജോണി, ധര്മജന്, രാധിക ശരത് കുമാര്‍ അങ്ങനെ ഒരുപാട് ആളുകള്‍ ഉണ്ട്. രാധിക ചേച്ചി ഇതില്‍ ശക്തമായ കഥാപാത്രമായാണ് എത്തുന്നത്. ഇവിടെ വന്നിരിക്കുന്ന എല്ലാവരോടും അത്രയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്'- ദിലീപ് പറയുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപിന്റെ കരിയറില്‍ അധികം ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. പല സിനിമകളും പരാജയങ്ങളായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ 'ടു കണ്ട്രീസ്' ആണ് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ആയി മാറിയ അവസാന ചിത്രം.രാംലീല', 'കോടതി സമക്ഷം ബാലന് വക്കീല്‍' എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് എത്തിയ മിക്ക ദിലീപ് ചിത്രങ്ങളും ഫ്ളോപ്പുകള്‍ ആയിരുന്നു.