ബാല്‍ താക്കറെയായി വേഷമിട്ടത് മുതല്‍ രാഷ്ട്രീയപരമായും സിനിമാ മേഖലയില്‍ നിന്നും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ താരമാണ് നവാസുദ്ധീന്‍ സിദ്ദിഖി. തമിഴ്‌നടന്‍ സിദ്ദാര്‍ത്ഥ് ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നതും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുളള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എല്ലാത്തിനും കഴമ്പുണ്ടാകണമെന്നില്ല.. 'താക്കറെ', കേവലം ഒരു രാഷ്ട്രീയസിനിമയായി വിലയിരുത്തേണ്ടെന്നും നവാസുദ്ധീന്‍ പ്രതികരിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമ പുറത്തിറങ്ങും മുന്‍പേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കാണ് നവാസുദ്ധീന്‍ മറുപടിപറയുന്നത്. 'ചില അജണ്ടകളോടെ ഒരു തീവ്രഹിന്ദുനേതാവിനെ, മുസ്‌ലിമായ യുപിക്കാരന്‍ വെളളിത്തിരയില്‍ അവതരിപ്പിക്കുന്നത് കാവ്യനീതി'യെന്നായിരുന്നു തമിഴ്‌നടന്‍ സിദ്ധാര്‍ഥിന്റെ വിമര്‍ശനം. എന്നാല്‍, എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് വാഖ്യാനിച്ച് അത്തരം ആരോപണങ്ങളെയെല്ലാം തള്ളുകയാണ് നവാസുദ്ധീന്‍.
'പൊളിറ്റിക്കല്‍ സിനിമ' എന്നഗണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല 'താക്കറെ'. സിനിമയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ട്. അഭിനയജീവിതത്തിലെ വെല്ലുവിളിനിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും 'താക്കറെ'യിലേതെന്ന് നവാസുദ്ധീനും, ഒപ്പം ബാല്‍താക്കറെയുടെ ഭാര്യ മിനതാക്കറെയുടെ വേഷംചെയ്യുന്ന അമൃതറാവുവും പറയുന്നു. കേരളത്തിലടക്കം റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമ വയാകോം 18ഉം കാര്‍ണിവല്‍ മോഷന്‍പിക്‌ചേഴ്‌സും ചേര്‍ന്നാണ് പുറത്തിറക്കുന്നത്.