മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഭരത് ഗോപി. തന്റെ പ്രതിഭ കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്.അദ്ദേഹത്തിന്റെ ഓര്‍മ ദിനമാണ് ഇന്ന്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അച്ഛനെ കുറിച്ചെഴുതിയ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
1990കളില്‍ എടുത്തൊരു ഫോട്ടോയ്ക്ക് ഒപ്പമാണ് മുരളിഗോപിയുടെ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-'ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛന്‍ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.
1986ഇല്‍, തന്റെ 49ആം വയസ്സില്‍, അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി. 1990കളുടെ തുടക്കത്തില്‍, എന്റെ ഓര്‍മ്മ ശരിയെങ്കില്‍, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജന്‍ പൊതുവാള്‍ വീട്ടില്‍ വന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫുകളില്‍ ഒന്നാണിത്. 'ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാര്‍?' അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.
പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവന്‍ ഓര്‍മ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ...ഒരു തിരിഞ്ഞുനോട്ടം', എന്നാണ് മുരളി ഗോപി കുറിച്ചത്.