കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന തെലുഗ് - മലയാളം ചിത്രം 'വൃഷഭ' എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷന്‍ എന്റര്‍ടൈനര്‍ ചിത്രമാകും. ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയില്‍ ഒരുങ്ങുന്നത്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
2 ദിവസങ്ങള്‍ക്ക് മുന്‍പ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആര്‍എഫ് സ്റ്റുഡിയോസില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ മോഹന്‍ലാലുമായി ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാകും 'വൃഷഭ'. പി ആര്‍ ഒ - ശബരി