സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസുമായി ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. 12 ത്ത് മാനിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്റെ ഫിലിമോഗ്രഫിയിലെ 33-ാം ചിത്രമാണ് ഇത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ട്.
ഇത് ദൃശ്യം 3 യോ റാം ഫ്രാഞ്ചൈസിയില്‍ പെട്ട ചിത്രമോ അല്ലെന്നും മറിച്ച് മറ്റൊരു ചിത്രമാണെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ അണിയറയിലുള്ള ചിത്രമാണ് 'റാം'. നിലവില്‍ അവസാന ഘട്ട ചിത്രീകരണത്തിലുള്ള സിനിമയുടെ അപ്ഡേറ്റുകള്‍ പ്രതീക്ഷിച്ചിരിക്കെ ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. നിര്‍മ്മാണ കമ്പനിയുടെ 33-ാം ചിത്രമായാണ് പ്രഖ്യാപനം.
ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പദ്ധതിയിലുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ചിത്രം 'ദൃശ്യം 3' അല്ലെന്നാണ് വിവരം. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച പോസ്റ്ററില്‍ നിന്ന് വ്യക്തമാക്കുന്നത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം എന്നിവയാണ് മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന റാം ആദ്യഭാഗം ഈ വര്‍ഷം ഓണം റിലീസ് ആയി തിയേറ്ററില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ പ്രഖ്യാപിച്ച ചിത്രം പൂര്‍ത്തിയായ ശേഷമേ റാമിന്റെ ചിത്രീകരണമുണ്ടാകൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.