മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് നേര് എന്നാണ്. ശാന്തി മൈദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നീതി തേടുന്നു (seeking justice) എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.
ഇപ്പോളിതാ ചിത്രത്തിന്റെ ചിത്രീകരണം ചിങ്ങപ്പുലരി ദിനമായ ആഗസ്റ്റ് 17ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.ലൂസിഫറിനു ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. 25ന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യാനാണ് ഒരുങ്ങുന്നത്.
ചിലപ്പോള്‍ ഓണത്തിന് ശേഷമായിരിക്കും മോഹന്‍ലാല്‍ എത്തുക. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയ മണി, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, അനശ്വര രാജന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.
ഇരുവരും ഒരുമിക്കുന്ന നാലാമത്തെ ചിത്രമായ റാം ചിത്രീകരണഘട്ടത്തിലാണ് .നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് രചന. ഗാനഗന്ധര്‍വ്വന്‍, ദൃശ്യം 2 എന്നീ ചിത്രങ്ങളില്‍ വക്കീല്‍ വേഷത്തില്‍ തിളങ്ങിയ താരമാണ് ശാന്തി മായാദേവി.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഗാനങ്ങള്‍ വിനായക് ശശികുമാര്‍. സംഗീതം വിഷ്ണു ശ്യാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 33-ാമത് ചിത്രമാണ് നേര്.അതേസമയം മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭയുടെ ചിത്രീകരണം മൈസൂരില്‍ പുരോഗമിക്കുന്നു.