ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദൻ. ദിലീപിന്റെ നായികയായി എത്തിയ ലാൽജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോൾ ഏറെ നാളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോൾ. അടുത്തിടെ നടിക്ക് വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു.
ചുവപ്പു നിറത്തിലുള്ള മുട്ടുവരെയുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മീരയ്ക്ക് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നിരുന്നു. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള നടിയുടെ ഗ്ലാമറസ് ലുക്ക് കണ്ട് വിമർശനവുമായി എത്തുകായായിരുന്നു ആരാധകർ. ഇപ്പോൾ വിമർശനവുമായി എത്തിയവർക്ക് മീര തന്നെ മറുപടി നല്കിയിരിക്കുകയാണ്.
തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നുവെന്നും അനാവശ്യവിമർശനങ്ങളാണ് ആളുകൾ ഉന്നയിക്കുന്നതെന്നും മീര പറയുന്നു. ഇന്ത്യൻ വസ്ത്രത്തേയും പാശ്ചാത്യഫാഷനേയും ഒരുപോലെ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ മീരപറയുന്നു.