മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ 40-ാം ജന്മദിനമാണിന്ന്. മലയാളത്തിനപ്പുറത്തേക്ക് വളര്‍ന്ന് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം കയ്യൊപ്പു ചാര്‍ത്തിയ ഡിക്യുവിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. അതിനിടയില്‍ മെഗാസ്റ്റാറും ദുല്‍ഖറിന്റെ പിതാവുമായ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാവുകയാണ്.
World Nature Conservation Dayഎന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മകന്റെ പിറന്നാളായിട്ട് അറ്റന്‍ഷന്‍ മൊത്തം നിങ്ങളു കൊണ്ടുപോവുമല്ലോ എന്നാണ് ആരാധകര്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.
സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ടിട്ട് 'മകന്റെ പിറന്നാള്‍ വിളിക്കാന്‍ വന്നതായിരിക്കും', 'ഇതാ ഈ ചുള്ളന്‍ ദുല്‍ഖറിന്റെ അനിയനോ', 'മകന്റെ പിറന്നാള്‍ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ' എന്നതരത്തിലാണ് ആരാധകര്‍ കമന്റ് പങ്കുവയ്ക്കുന്നത്.
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ചിത്രീകരണം കൊച്ചിയില്‍ പുരോമഗിക്കുന്നു.