രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വേട്ടയന്‍. ചിത്രത്തിലെ മനസിലായോ എന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ തരംഗംതീര്‍ത്ത് മുന്നേറുകയാണ്. ഗാനം സൂപ്പര്‍ ഹിറ്റായി ഓടുമ്പോള്‍ മനസും കണ്ണും നിറയുന്ന ഒരാളുണ്ട്. ഗായകന്‍ മലേഷ്യ വാസുദേവന്റെ മകന്‍ യുഗേന്ദ്രന്‍.
.13 വര്‍ഷം മുന്‍പ് അന്തരിച്ച ഗായകന്‍ മലേഷ്യാ വാസുദേവന്റെ ശബ്ദം എഐ സഹായത്തോടെ സംഗീതസംവിധായകന്‍ അനിരുദ്ധ് പുനഃസൃഷ്ടിക്കുകയായിരുന്നു..അനിരുദ്ധ്, മലേഷ്യാ വാസുദേവന്‍, അദ്ദേഹത്തിന്റെ മകന്‍ യുഗേന്ദ്രന്‍ എന്നിവരാണ് മനസിലായോ എന്ന തട്ടുപൊളിപ്പന്‍ ?ഗാനം ആലപിച്ചത്.
മരിച്ച് 13 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ശബ്ദം അനിരുദ്ധ് രവിചന്ദര്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചപ്പോള്‍ അതൊരു വൈകാരിക നിമിഷമായെന്ന് യുഗേന്ദ്രന്‍ പറയുന്നു. 'സന്തോഷ നിമിഷം എന്നു പറയുന്നതിനേക്കാള്‍ വൈകാരിക നിമിഷം എന്നു വിളിക്കുന്നതാകും ശരി,' എന്നായിരുന്നു ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുഗേന്ദ്രന്‍ വേട്ടയ്യനിലെ പാട്ടിനെക്കുറിച്ച് പറഞ്ഞത്.
ടീസറില്‍ അപ്പയുടെ ശബ്ദം കേട്ട ഉടനെ അമ്മ ഇമോഷനല്‍ ആയി. കണ്ണു നിറഞ്ഞു. അപ്പയുടെ നിറയെ ഓര്‍മകള്‍ അവരുടെ ഉള്ളിലുണ്ടല്ലോ. കണ്ണടച്ചു കേള്‍ക്കുമ്പോള്‍ അപ്പ മുന്‍പില്‍ വന്നു നില്‍ക്കുന്ന പോലെ തോന്നും. അത്തരമൊരു ഫീലില്‍ നിന്ന് ഇതുവരെയും പുറത്തു വന്നിട്ടില്ല,യുഗേന്ദ്രന്‍ പറയുന്നു.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് വരെ എനിക്ക് ഈ സാധ്യതകളെക്കുറിച്ച് അറിയില്ലായിരുന്നു. അനിരുദ്ധിന്റെ ടീമില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ കരുതി എന്തോ റിമിക്‌സ് ചെയ്യാന്‍ വേണ്ടിയാകുമെന്ന്. പിന്നീടാണ്, ഇതൊരു ഫ്രഷ് ട്രാക്കാണെന്ന് മനസ്സിലായത്. രജനി സാറാണ് അനിരുദ്ധിനോട് അപ്പയുടെ ശബ്ദം ഉപയോഗിച്ചാലോ എന്നു ചോദിച്ചത്. ആ ശബ്ദം പുനഃസൃഷ്ടിക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. ഈ പാട്ടിറങ്ങിയപ്പോള്‍ എനിക്ക് രജനി സാറുടെ വോയ്‌സ് നോട്ട് വന്നു. 'യുഗേന്ദ്രന്‍, ഇത് രജനിയാണ്' എന്നു തുടങ്ങുന്ന ഒരു വോയ്‌സ് നോട്ട് എനിക്ക് അനിരുദ്ധ് അയച്ചു തന്നു. ഞങ്ങളുടെ കുടുംബത്തിന് നന്ദി പറഞ്ഞുള്ള ശബ്ദസന്ദേശമായിരുന്നു അത്. നേരില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഞാന്‍ പറഞ്ഞത്, ഇതെനിക്ക് വൈകാരിക നിമിഷമാണെന്ന്,യുഗേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.