ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. തന്റെ സംഗീതത്തോടുള്ള സ്‌നേഹമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ താല്പര്യപ്പെടുന്നില്ലെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.
സംഗീത മേഖലയില്‍ തനിക്കെതിരെ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കാരണം ഇഷ്ടംപോലെ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും എം.ജയചന്ദ്രന്‍ പങ്ക് വച്ചു. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ടു. പക്ഷേ ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട് എന്നതിന്റെ തെളിവാണ് 11ാമത് സംസ്ഥാന പുരസ്‌കാരമെന്ന് ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ എന്നെ തന്നെ
വെല്ലുവിളിച്ച് ഹിറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം. സിനിമയുടെ കൊമേഴ്‌സ്യല്‍ മൂല്യത്തെക്കാളും സംഗീതത്തെ ഒരു കലയായി കണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സിനിമകളിലേക്ക് എനിക്കുള്ള ക്ഷണം അത്ര എളുപ്പമല്ല. പക്ഷേ,എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ ഞാന്‍ നടക്കും. സിനിമാ സംഗീതമേഖലയില്‍ സമാനതകളില്ലാത്ത ഒരാളായി മാറണമെന്നാണ് ആഗ്രഹം. ആ ആഗ്രഹത്തിനൊപ്പമാണ് ഞാന്‍ സഞ്ചരിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് സംഗീതത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ഘട്ടത്തില്‍ ജൂറി അംഗം പോലുമല്ലാത്ത അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. സത്യം ജയിക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.