മലയാള സിനിമയിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റുകളൊരുക്കിയവരാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ കൂട്ടുകെട്ടില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമക്ക് കിട്ടി. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ്, അങ്ങനെ ഒരുനിര ചിത്രങ്ങള്‍. കിംഗ് ലയര്‍ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. എന്നാല്‍ സിദ്ദീഖിനൊപ്പം ഇനിയൊരു ചിത്രമുണ്ടാവില്ലെന്നാണ് ലാല്‍ പറയുന്നത്.മനോരമയുമായുള്ള അഭിമുഖത്തില്‍ ആണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്കുള്ള സാധ്യതയില്ല. ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യമായി.'
'രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല. പണ്ട് തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ മാത്രമായി മാറി'.എന്നും ലാല്‍ പറയുന്നു