പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേര്‍ന്നത് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍ നേരുവാനാണ്. തൊടുപുഴയില്‍ ചിത്രീകരണം നടന്നു വരുന്നരജപുത്രാ വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ച്, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നപുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഈ ഒത്തുകൂടല്‍ ചടങ്ങ് നടന്നത്.
പേരു് ഇട്ടിട്ടില്ലാത്ത ഈ ചിത്രം താല്‍ക്കാലികമായി എല്‍.360 എന്ന പേരിലാണ് അറിയപ്പെടുന്നത്.മോഹന്‍ലാലിന്റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതു കൊണ്ടാണ് L360 എന്ന് താല്‍ക്കാലികമായി അനൗണ്‍സ് ചെയ്തിരിക്കുന്നത്.
മെയ് ഇരുപത്തിഒന്നിനാണ് മോഹന്‍ലാലിന്റെ ജന്‍മദിനം. ഈ ദിനത്തില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് പരമ്പരയുടെ ചിത്രീകരണവു മായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. ഒപ്പം കുടുംബത്തോടൊപ്പം ജന്‍മദിനത്തില്‍ പങ്കെടുക്കുവാനും കഴിഞ്ഞു.
ഇരുപത്തിരണ്ടിന് വീണ്ടും തൊടുപുഴയിലെ ലൊക്കേഷനില്‍ മടങ്ങിയെത്തിയപ്പോഴാണ് നിര്‍മ്മാതാവ് എം. രഞ്ജിത്ത് തങ്ങള്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടന്ന് അറിയിക്കുന്നത്. മോഹന്‍ലാല്‍ അതു സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.
മൂണ്‍ലൈറ്റ് ഹോട്ടലിലിലായിരുന്നു ഈ ഒത്തുകൂടല്‍ നടന്നത്.യൂണിറ്റ് ഒന്നടങ്കം മോഹന്‍ലാലിന് ആശംസകള്‍ നേരുവാന്‍ എത്തിച്ചേര്‍ന്നു ചിത്രീകരണം അല്‍പ്പം നേരത്തേ നിര്‍ത്തിക്കൊണ്ടാണ് സന്തോഷകരമായ ഒരു സായാഹ്നത്തിനായി ഒത്തുചേര്‍ന്നത്.നിര്‍മ്മാതാവ് എം. രഞ്ജിത്ത് ചടങ്ങിന് നേതൃത്വം നല്‍കി. ആശംസകള്‍ നേര്‍ന്നു കൊണ്ട് രഞ്ജിത്ത്ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
L360 എന്ന കേക്ക് മുറിച്ചു മധുരം പകരുകയായിരുന്നു പിന്നീട് ..തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹുത്തുക്കളായ മണിയന്‍ പിള്ള രാജുവും, ശോഭനയും, സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരും ഉള്‍പ്പടെ അഭിനേതാക്കളും 'അണിയറ പ്രവര്‍ത്തകരും ഈ ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു.
പിന്നിട് മൈക്ക് കൈയ്യിലെടുത്തത് സംസനായ മണിയന്‍ പിള്ള രാജു വായിരുന്നു.
ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിയന്‍ പിള്ള രാജു മോഹന്‍ലാലിനെ സ്‌കൂള്‍ നാടകത്തില്‍ അഭിനയിപ്പിച്ചു തുടങ്ങിയതുള്‍പ്പടെ തന്റെ സ്മരണകള്‍ പുതുക്കിയപ്പോള്‍ അത് സദസ്സിന് ഏറെ കൗതുകമായി.പിന്നീട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ഊഴമായിരുന്നു.
ലാലേട്ടേ നോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതിലെ തന്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്റെ ആശംസകള്‍ നേര്‍ന്നത്.
ഏറെ ഇടവേളക്കുശേഷം മലയാളസിനിമയില്‍ അഭിനയിക്കാനായി, അതും മോഹന്‍ലാലിന്റെ നായികയായിത്തന്നെ അഭിനയിക്കാനെത്തിയ ശോഭനയുടെ സാന്നിദ്ധ്യവും ഈ ചിത്രത്തേയും, ഈ ചടങ്ങിനേയും ഏറെ നിറം പകരുന്നതായിരുന്നു.
തനിക്കെന്നും ലാല്‍ സാറിന്റെ ജന്‍മദിനമാണന്നും എന്നും പ്രാര്‍ത്ഥനയോടെയാണ് ഒരു ദിവസത്തിനു തുടക്കമിടുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത ആന്റണി പെരുമ്പാവൂര്‍,ആശംസ നേര്‍ന്നുകൊണ്ടു പറഞ്ഞു.ശോഭനയുടെ ആശംസകള്‍ വലിയ സൗഹൃദത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു'
നിര്‍മ്മാതാവ് രഞ്ജിത്തിന്റെ ഭാര്യയും നടിയുമായ ചിപ്പിയും തന്റെ അനുഭവങ്ങള്‍ പങ്കിട്ട്, ആശംസകള്‍ നേര്‍ന്നു.ഞാന്‍ മെംബര്‍ ആകുന്നതിനു മുമ്പ് തന്റെ കുടുംബത്തില്‍ മെംബര്‍ ആയതാണ് ലാലേട്ടനെന്ന് സംവിധായകന്‍ ഫാസിലിന്റെ മകനും നടനു മായ ഫര്‍ഹാന്‍ ഫാസില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു.
അനശ്വരനായ കുതിരവട്ടം പപ്പുവിന്റെ മകനും നടനും ഈ ചിത്രത്തിന്റെ കോ - ഡയറക്ടറുമായ ബിനു പപ്പുവും തന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ആശംസകള്‍ നേര്‍ന്നു.
പ്രമുഖഹാസ്യ കലാകാരന്‍ സൈജു അടിമാലി മോഹന്‍ലാലിനോടൊപ്പം ഒരുഷോയുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ പോയി മടങ്ങിവന്നപ്പോള്‍ കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ അനുഭവം രസകരമായി അവതരിപ്പിച്ചത് സദസ്സിനെ ചിരിയിലേക്കു നയിച്ചു.
കൃഷ്ണപ്രദയുടെ ഉപഹാരമായ ഗാനങ്ങള്‍ സദസ്സിനേയും അവര്‍ക്കൊപ്പം കൂട്ടി.
ഇര്‍ഷാദ് അലി, നന്ദലാല്‍, ഡിക്‌സന്‍ പൊടുത്താസ്, തിരക്കഥാകൃത്ത് കെ.ആര്‍. സുനില്‍, ഛായാഗ്രാഹകന്‍ ഷാജികുമാര്‍, പ്രകാശ് വര്‍മ്മ, എന്നിവരും യൂണിറ്റിലെ എല്ലാ വിഭാഗത്തിലുള്ളവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.തന്നോട് ആത്മാര്‍ത്ഥമായി പ്രകടിപ്പിച്ച ഈ സന്തോഷ നിമിഷങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു കൊണ്ടാണ് ഈസന്തോഷത്തിന്റെ രാവുകള്‍ക്ക് തിരശ്ശീല വീണത്.എന്നും ഓര്‍മ്മയില്‍ ചേര്‍ത്തു വക്കാന്‍ പറ്റുന്ന ഒരു ചടങ്ങായി മാറിയിരുന്നു ഈജന്‍മദിനാഘോഷം.
മോഹന്‍ലാലിന്റെ വാക്കുകള്‍-
ഒരുപാട് കാലമായി ഇങ്ങമൊരു ഗാതറിംഗില്‍ പെട്ടിട്ട്. ഒരുപാട് വലിയ ഫംഗ്ഷന്‍സൊക്കെയുണ്ടെങ്കിലും ഇത് വളരെ വലിയ സന്തോഷം തരുന്ന ഒന്നാണ്. ഒരുപാട് കാര്യങ്ങളുണ്ട്; ശോഭന. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശോഭനയുടെ കൂടെ അഭിനയിക്കുന്നത്. പിന്നെ മണിയന്‍പിള്ള രാജു. എന്റെ മുഖത്ത് ആദ്യമായി മേക്കപ്പ് ഇട്ടുതന്നയാള്‍. അതിന്റെ ഐശ്യര്യമെന്നാണ് ഞാന്‍ പറയാറുള്ളത്. 47 വര്‍ഷമായി ഞാന്‍ ക്യാമറ ഫേസ് ചെയ്യാന്‍ തുടങ്ങിയിട്ട്. തിരനോട്ടം കഴിഞ്ഞ് 2-3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയത്. അതിലെ പാച്ചിക്കയുടെ മകന്റെ കൂടെ വീണ്ടും അഭിനയിക്കാന്‍ സാധിക്കുന്നു. അത് വലിയൊരു ഗുരുത്വവും നിമിത്തവുമായി ഞാന്‍ കരുതുകയാണ്. ഇതൊന്നും എന്റെ കഴിവല്ല. ഇത്രയും കാലം സിനിമയില്‍ നില്‍ക്കുക എന്നത് അത്ര ഈസിയായിട്ടുള്‌ല കാര്യമല്ല. കൂടെയുള്ള ആള്‍ക്കാരുടെ കൂടി സ്‌നേഹവും പ്രാര്‍ത്ഥനയും കൊണ്ടാണത്. നല്ല സിനിമയായിട്ട് ഇത് മാറും ... തരുണ്‍ മൂര്‍ത്തി വളരെ പ്രതീക്ഷ തരുന്ന ഒരു ഡയറക്ടര്‍ ആയി മാറട്ടെ...എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്''
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവര്‍ ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നത്. 2009-ല്‍ പുറത്തിറങ്ങിയ സാ?ഗര്‍ ഏലിയാസ് ജാക്കിയിലാണ് ശോഭനയും മോഹന്‍ലാലും ഇതിനുമുന്‍പ് ഒന്നിച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോഡിയായിരുന്നു ശോഭന.
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്യുന്ന ചിത്രത്തിന് എല്‍360 എന്നാണ് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
കെ.ആര്‍.സുനിലിന്റെതാണു കഥ. പ്രമുഖ ദിനപത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനാകുകയും ചെയ്ത കെ.ആര്‍.സുനില്‍ മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണ്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്
വാഴൂര്‍ ജോസ്.