മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. മകന്‍ ഇസഹാക്ക് കൂടി ജനിച്ചതോടെ താരദമ്പതിമാര്‍ ഏറ്റവും വലിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്. പ്രിയതമയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഔദ്യോഗികമായി മധുരപതിനാറിലേക്ക്... എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് ചിത്രത്തിന് താഴെ ക്യാപഷന്‍ കൊടുത്തിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമെല്ലാം ദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്.
2005 ഏപ്രില്‍ രണ്ടിനായിരുന്നു പ്രിയയുമായിട്ടുള്ള ചാക്കോച്ചന്റെ വിവാഹം. അന്ന് ചാക്കോച്ചനെ ആരാധിച്ചിരുന്ന മലയാളി പെണ്‍കുട്ടികള്‍ക്കെല്ലാം സങ്കടത്തിന്റെ ദിവസമായിരുന്നുവെന്ന് പലപ്പോഴും തമാശയായി പറയാറുണ്ട്. കുഞ്ചാക്കോ ബോബന്റെ ആരാധികയായിരുന്ന പ്രിയ ആന്‍ സാമുവലിനെ ഒരു ഹോട്ടലില്‍ വെച്ചാണ് ചാക്കോച്ചന്‍ കണ്ടുമുട്ടുന്നത്.