സൂരി, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കൊട്ടുകാളി'. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രത്തിനെ തേടി മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്. റഷ്യയില്‍ നടക്കുന്ന 22-ാമത് അമുര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'കൊട്ടുകാളി' ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് സ്വന്തമാക്കി . ചിത്രത്തിന്റെ നിര്‍മാതാക്കളായ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
നടന്‍ ശിവകാര്‍ത്തികേയന്റെ നിര്‍മ്മാണ കമ്പനിയായ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ 'കൂഴാങ്കല്‍' ഇന്ത്യയില്‍ നിന്ന് 94-ാമത് ഓസ്‌കറില്‍ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് ടൈഗര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ഓഗസ്റ്റ് 23 ന് തിയേറ്ററിലെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
ചിത്രത്തിലെ സൂരിയുടെയും അന്ന ബെന്നിന്റെയും പ്രകടനങ്ങള്‍ക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും പക്കല്‍ നിന്ന് കൈയ്യടി ലഭിച്ചിരുന്നു. 2024 ഫെബ്രുവരി 16-നാണ് 74-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'കൊട്ടുകാളി' വേള്‍ഡ് പ്രീമിയര്‍ നടത്തിയത്. മേളയുടെ ഫോറം വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കാര്‍ത്തിക് സുബ്ബരാജ് അടക്കം നിരവധി സംവിധായകന്മാരും അഭിനേതാക്കളുമാണ് സിനിമയെ പ്രശംസിച്ച് മുന്നോട്ട് വന്നത്. നമ്മുടെ സംസ്‌കാരത്തില്‍ വേരൂന്നിയ അന്ധവിശ്വാസങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയ സിനിമയാണ് 'കൊട്ടുകാളി' എന്നും, പി എസ് വിനോദ് രാജ് മികച്ച സംവിധായകനാണെന്നും കാര്‍ത്തിക്ക് സുബ്ബരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.