ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. തന്റെ പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങളെ ക്ഷണിച്ചു വരുത്താറുള്ള കങ്കണ ഇപ്പോളിതാ പുതിയ വെളിപ്പെടുത്തലുമായി വാര്‍ത്തകളില്‍ നിറയുകയാണ്.
താര ദമ്പതിമാരായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് കങ്കണ. രണ്‍ബീറും ആലിയയും വേറെ വേറെ ഫ്ളോറുകളിലായിട്ടാണ് കഴിയുന്നത് എന്നും, രണ്‍ബീറിന്റേയും ആലിയയുടേയും വ്യാജ വിവാഹമാണെന്നും കങ്കണ ആരോപിക്കുന്നു. രണ്‍ബീര്‍ ഒരു കാസനോവ ആണെന്നും മുമ്പ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും കങ്കണ പറയുന്നു.
''ഒരേ ബില്‍ഡിംഗിന്റെ രണ്ട് ഫ്ളോറുകളിലായി താമസിക്കുന്ന ബോളിവുഡിലെ വ്യാജ ഭര്‍ത്താവും ഭാര്യയും, തങ്ങളുടേതല്ലാത്ത ബ്രാന്റ് തങ്ങളുടേതാണെന്ന് പറയുകയും നടക്കാത്ത സിനിമയെക്കുറിച്ച് പ്രഖാപനം വരുമെന്ന് വാര്‍ത്തയുണ്ടാക്കുകയും ചെയ്യുന്നു. ഈയ്യടുത്ത് നടത്തിയ വിദേശ യാത്രയില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ഒഴിവാക്കിയത് ആരും എഴുതിയില്ല. ആ ഭര്‍ത്താവ് എന്നെ കാണണെന്ന് മെസേജ് അയച്ച് കെഞ്ചുകയായിരുന്നു. ഈ വ്യാജ ജോഡിയെ തുറന്ന് കാണിക്കണം..''സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ''
നിങ്ങള്‍ സിനിമയുടെ പ്രൊമോഷന് വേണ്ടിയോ, പണത്തിന് വേണ്ടിയോ, ജോലിയ്ക്ക് വേണ്ടിയോ കല്യാണം കഴിക്കുമ്പോള്‍ സംഭവിക്കുക ഇതാണ്. മാഫിയ ഡാഡിയുടെ സര്‍മ്മദ്ദത്തിന് വഴങ്ങി അച്ഛന്റെ മാലാഖയെ കല്യാണം കഴിച്ച ഈ നടന് മൂന്ന് സിനിമകള്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടക്കാതെ വന്നതോടെ ഈ നടന്‍ ഈ വ്യാജ വിവാഹത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ആര്‍ക്കും അവനെ വേണ്ട. അവന്‍ തന്റെ ഭാര്യയിലും മകളിലും ശ്രദ്ധിക്കണം. ഇത് ഇന്ത്യയാണ്, ഒരു തവണ കല്യാണം കഴിച്ചാല്‍ കഴിച്ചതാണ്. ഇനിയെങ്കിലും നന്നാകൂ..'' കങ്കണ പറയുന്നു.
കഴിഞ്ഞ മാസവും കങ്കണ രണ്‍ബീറിനെതിരെ പരോക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ രണ്‍ബീറിന്റേയും ആലിയയുടേയും ദാമ്പത്യ ജീവിതത്തിനെതിരെ പരോക്ഷമായ ചില പ്രസ്താവനകളുമായി എത്തിയിരിക്കുകയാണ് കങ്കണ. മുമ്പും കങ്കണയുടെ ആരോപണങ്ങളോട് രണ്‍ബീറോ ആലിയയോ പ്രതികരിച്ചിട്ടില്ല. ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിനെതിരെ മുമ്പും പലപ്പോഴായി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ഈയ്യടുത്ത് രണ്‍ബീര്‍ ആലിയയേയും മകളേയും കൂട്ടാതെ അമ്മ നീതു കപൂറിനെ കാണാന്‍ ലണ്ടനില്‍ പോയിരുന്നു. ആലിയയുടെ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകാരണമാണ് താരം ഭര്‍ത്താവിനൊപ്പം ചേരാതിരുന്നത്. ഇതാണ് കങ്കണ തന്റെ ട്വീറ്റില്‍ പരോക്ഷമായി പരാമര്‍ശിക്കുന്നത്.
ചന്ദ്രമുഖി 2 ആണ് കങ്കണയുടെ പുതിയ സിനിമ. പിന്നാലെ എമര്‍ജന്‍സി, തേജസ്, സീത തുടങ്ങിയ സിനിമകളും കങ്കണയുടേതായി അണിയറയിലുണ്ട്. രണ്‍ബീറിന്റെ പുതിയ സിനിമ ആനിമല്‍ ആണ്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ.