എഴുത്തുകാരി മാധവികുട്ടയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യ്ത ചിത്രംആയിരുന്നു ആമി, ചിത്രത്തില്‍ മാധവി കുട്ടിയുടെ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ മഞ്ജുവാര്യരും. എന്നാല്‍ ചിത്രത്തിലെ മഞ്ജുവിന്റെ ഈ വേഷത്തിനു നിരവധി വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു, ചിത്രത്തില്‍ മഞ്ജുവിനെ മിസ് കാസറ്റ് ചെയ്യ്തത് ആയിരുന്നു വിമര്ശനങ്ങള്ക്ക് വഴി ഒരുക്കിയത്. എന്നാല്‍ ചിത്രത്തിനെ ലഭിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകന്‍ കമല്‍മീഡിയ വണ്ണുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.
കമലിന്റെ വാക്കുകള്‍ ഇങ്ങനെ:
മാധവിക്കുട്ടിയോടുള്ള ഇഷ്ടമാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. വിദ്യാബാലനെ ആയിരുന്നു ആമിയായി കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വിദ്യാ ബാലന്‍ അതില്‍ നിന്നു പിന്മാറുന്നത്. അപ്പോഴേക്കും നിര്‍മാതാവ് ഒരുപാട് പണം ആ സിനിമക്ക് വേണ്ടി മുടക്കിയിരുന്നു. ഷൂട്ട് പെട്ടെന്ന് തുടങ്ങുകയും വേണം. ആ സമയത്ത് ആര് അഭിനയിക്കും എന്ന ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ പ്രൊഡ്യൂസറിന്റെ നിര്‍ബന്ധത്തിന്റെ ഭാഗമായാണ് മഞ്ജു വാര്യരിലേക്കെത്തുന്നത്.
എനിക്ക് ഏറ്റവും അടുപ്പമുള്ള നായികയായിരുന്നു മഞ്ജു, പക്ഷേ എനിക്കൊരിക്കലും മഞ്ജുവിനെ ആമിയായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു. ഞാനത് മഞജുവിനോട് പറയുകയും ചെയ്തിരുന്നു. സിനിമയുടെ കഥ വായിച്ചപ്പോള്‍ മഞ്ജുവിനൊരിക്കലും മാധവിക്കുട്ടിയാകാന്‍ കഴിയില്ലെന്ന ഭയവും ഉണ്ടായിരുന്നു. പക്ഷേ ഏതോ ഒരു നിമിഷത്തില്‍ മഞ്ജു തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ മതിയെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അന്യ ഭാഷയില്‍ നിന്നൊരു നടിയെ കൊണ്ടുവന്ന് മാധവിക്കുട്ടി ആരാണെന്നറിയാതെ അഭിനയിപ്പിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു, അങ്ങനെ ചെയ്തിട്ട് കാര്യവുമില്ല. വിദ്യാബാലന് മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ കൊടുക്കുകയും അവരത് വായിക്കുകയും ചെയ്തിരുന്നു. അവര്‍ മാധവിക്കുട്ടിയെക്കുറിച്ച് നന്നായി പഠിച്ചിരുന്നു.
നല്ലൊരു അഭിനയേത്രി ആയതുകൊണ്ടു തന്നെ അവര്‍ക്ക് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു. മറ്റൊരാള്‍ക്കത് കഴിയില്ലെന്ന് തോന്നിയതുകൊണ്ടാണ് മഞ്ജുവിലേക്ക് എത്തുന്നത്. സിനിമയിലെ ഉള്ളടക്കത്തോട് ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഞാന്‍ പിന്നീട് സ്വയം ആലോചിപ്പോള്‍ എനിക്ക് തോന്നിയത്, ബുദ്ധി ജീവികള്‍ എന്ന് പറയുന്നവരുപോലും മാധവിക്കുട്ടിയെ മനസിലാക്കിവച്ചിരിക്കുന്നത് 'എന്റെ കഥ'യിലൂടെയാണ്. 'എന്റെ കഥ' അവരുടെ പുസ്തകത്തിലെ മാധവിക്കുട്ടിയെയാണ്. അതൊരിക്കലും യഥാര്‍ത്ഥ മാധവിക്കുട്ടിയല്ല, ഞാനത് ആ സിനിമയിലൂടെ തന്നെ പറയുന്നുണ്ട്. 'എന്റെ കഥ'യിലെ മാധവിക്കുട്ടിയെയല്ല ഞാന്‍ സിനിമയാക്കിയത്, 'എന്റെ കഥ'യെഴുതിയ മാധവിക്കുട്ടിയെയാണ്.
മാധവിക്കുട്ടിയുടെ പുസ്തകത്തെ അവര്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതം അതല്ലെന്ന് അവരു തന്നെ പറഞ്ഞ ആ കഥയിലെ നായികയായ മാധവിക്കുട്ടിയെ സ്‌ക്രീനില്‍ കാണണമെന്ന് ആളുകളാഗ്രാഹിച്ചാല്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. മാധവിക്കുട്ടിയെന്ന വ്യക്തിയെ അറിയാന്‍ ശ്രമിച്ചൊരാളാണ് ഞാന്‍. പ്രണയത്തെ 'ലസ്റ്റ്' ആയി കാണുന്ന ഒരു സ്ത്രീയായാണ് മാധവിക്കുട്ടിയെ എല്ലാവരും കാണുന്നത്.
അവരങ്ങനെയായിരുന്നില്ലെന്നാണ് എനിക്ക് മനസിലായത്. പല പുരുഷന്‍മാരോടും അവര്‍ക്ക് പ്രണയം തോന്നിയിട്ടുണ്ടാകാം, അവരത് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ ഒരുതരത്തില്‍ ദിവ്യ പ്രണയം ആയിരുന്നു. അവരുടെ കാല്‍പ്പനികമായ പ്രണയം അതിനെ 'ലസ്റ്റ്' ആയി ചിത്രീകരിച്ച് അത് സ്‌ക്രീനില്‍ കാണണം എന്നവര്‍ ആഗ്രഹിച്ചു. മാധവിക്കുട്ടിയുടെ കുടുംബത്തോടും മക്കളോടും അനിയത്തിയോടുമൊക്കെ ചര്‍ച്ച ചെയ്ത് അവരുടെ അനുമതി വാങ്ങിയാണ് ഞാന്‍ ആ സിനിമ ചെയ്തത്. അവരാരും അവരുടെ ജീവിതത്തെയോ ആ സിനിമയേയോ തള്ളി പറഞ്ഞിട്ടില്ല.
അതുകൊണ്ടു തന്നെ അവരുടെ ജീവിതം സിനിമയാക്കിയപ്പോഴും അത് കൃത്യമായി ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാധവിക്കുട്ടിയുടെ വേദനകളും നഷ്ടങ്ങളുമാണ് ഞാന്‍ ഈ സിനിമയിലൂടെ കാണിച്ചിരിക്കുന്നത്. അവരുടെ രണ്ടാം ജീവിതം എന്ന നിലക്കാണ് അവരുടെ മതം മാറ്റം. അതിനെ ചുറ്റിപറ്റി പല വിവാദങ്ങളും ഉണ്ടായിരുന്നു. എന്താണ് സത്യം എന്ന് പലരും മനസിലാക്കുന്നില്ല. കാശ് വാങ്ങിച്ച് മുസ്ലിം ആയതാണെന്നൊക്കെ പറയുന്നവരുണ്ട്, പക്ഷേ അതൊന്നുമായിരുന്നില്ല. ആ സിനിമയില്‍ അവരു പറയുന്നുണ്ട് മതം മാറുന്നത് കുപ്പായം മാറുന്നത് പോലെയാണെന്ന്. ആ മാധവിക്കുട്ടിയെയാണ് ഞാന്‍ കാണിച്ചിരിക്കുന്നത്. അത് മനസിലാക്കാത്തവരാണ് കഥയില്‍ ഞാന്‍ മാറ്റം വരുത്തിയെന്നും ഇങ്ങനെയായിരുന്നില്ല മാധവിക്കുട്ടിയെ അവതരിപ്പിക്കേണ്ടതെന്നുമൊക്കെ പറയുന്നത്.
മിസ് കാസ്റ്റ് തോന്നുന്നതില്‍ എനിക്കൊന്നും പറയാനില്ല. മേക്കപ്പിലൊക്കെ കുറേ അപാകത ഉണ്ടായിരുന്നു. അത് എന്റെ പരിമിതിയാണ്, അത് വീഴ്ചയായി ഞാന്‍ അംഗീകരിക്കുന്നു. അതിലുമപ്പുറത്തൊരു മിസ് കാസ്റ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരുടെയും ഭാവനയിലുള്ള മാധവിക്കുട്ടിയെ സ്‌ക്രീനില്‍ കാണാത്തപ്പോഴുള്ള നിരാശയിലാണ് അത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്.'