മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് കല്യാണി രോഹിത്ത് എന്ന പൂര്‍ണിത. ക്വട്ടേഷന്‍, എസ്എംഎസ്, പരുന്ത് എന്നീ മലയാള ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയ്ക്ക് ശേഷമുള്ള തന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് തുറന്നെഴുതുകയാണ് നടിയും അവതാരകയുമായ കല്യാണി രോഹിത്....
ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം ആവാത്തതിനെ തുടര്‍ന്ന് വേദനകളിലൂടെ കടന്നുപോകേണ്ടിവന്നെന്നും ഇനിയൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും കല്യാണി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കല്യാണി കൂട്ടിച്ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പങ്കുവച്ചിരിക്കുന്നത്.
''കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും ഞാന്‍ വളരെയധികം തളര്‍ന്നു. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍. 2016 ല്‍ ആണ് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടന്നത്. അതിന് ശേഷമാണ് ഞാന്‍ മകള്‍ നവ്യയെ പ്രസവിച്ചത്. പിന്നീട് ആ വേദന വരില്ല, അസുഖം പൂര്‍ണമായും മാറി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആറു മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും വേദന എന്നെ പിടികൂടി. അതുകാരണം ഒരു നട്ടെല്‍ വിദഗ്ധനെ സമീപിച്ചു. ഇനിയൊരിക്കലും കേള്‍ക്കില്ല എന്നു കരുതിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്.
നേരത്തെ ചെയ്ത എന്റ ശസ്ത്രക്രിയ വിജയകരമായിരുന്നില്ല എന്ന്. ഇനി മറ്റൊരു ശസ്ത്രക്രിയ കൂടെ നടത്തേണ്ടി വരും. നേരത്തെ ചെയ്ത ശസ്ത്രക്രിയയില്‍ ഘടിപ്പിച്ച സ്‌ക്രൂകളും പ്ലേറ്റുകളും എല്ലാം നീക്കം ചെയ്തു, നട്ടെല്ലില്‍ ഒരു പുതിയ അസ്ഥി കൃത്രിമമായി വയ്ക്കുകയും ചെയ്തു.ഈ വേദനയില്‍ ഉടനീളം എനിക്കൊപ്പം, എന്നെ ഏറ്റവും നല്ല രീതിയില്‍ പരിപാലിച്ചത് അഞ്ചു വയസ്സുള്ള എന്റെ മകളാണ്. അവള്‍ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. അവള്‍ എന്നോടു കാണിക്കുന്ന സഹാനുഭൂതിയും അനുകമ്പയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇനിയൊരു നീണ്ട പാത എന്റെ മുന്നിലുണ്ട്.
അവിടെ എനിക്കു വേണ്ടി ഞാന്‍ തിരഞ്ഞെടുത്ത എന്റെ കുടുംബത്തോട് നന്ദിയും കടപ്പാടുമുണ്ട്. പ്രതീക്ഷയുണ്ട്. ദയവു ചെയ്ത് ആരും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. ഇപ്പോള്‍ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍'' , എന്നാണ് കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.