യുവ അഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് കല്യാണി പ്രിയദര്‍ശന്‍. ക്യാമറയ്ക്ക് പിന്നിലൂടെ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു കല്യാണി. പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്ന വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി തുടക്കം കുറിച്ചത്. അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകന്‍.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കല്യാണിക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തില്‍ അരങ്ങേറിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കില്‍ ഫാത്തിമ തുടങ്ങി ആന്റണിയില്‍ എത്തി നില്‍ക്കുകയാണ് കല്യാണിയുടെ സിനിമാജീവിതം. വിദേശ പഠനത്തിനുശേഷം സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ ചെന്നൈയില്‍ സെറ്റില്‍ഡാണ് കല്യാണി.
മലയാളത്തിലെ കല്യാണിയുടെ മികച്ച പ്രകടനങ്ങള്‍ കണ്ട സിനിമകളില്‍ ഒന്നായിരുന്നു ഹൃദയം. ഈ ചിത്രത്തിനുശേഷം കല്യാണിയും വിനീതുമെല്ലാം തമ്മില്‍ നല്ലൊരു സൗഹൃദമുണ്ട്. ഇപ്പോഴിതാ വിനീതുമായി ബന്ധപ്പെട്ടുള്ള മനോഹരമായ ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് കല്യാണി.
വിനീതിനൊപ്പം ഭക്ഷണം കഴിക്കാനായി പോയപ്പോള്‍ തന്റെ ഭക്ഷണത്തില്‍ നിന്നും കുറച്ച് എടുത്ത് കല്യാണിക്ക് നല്‍കുന്ന വിനീതാണ് വീഡിയോയിലുള്ളത്. വിനീതിനെ അടുത്ത് അറിയാവുന്നവര്‍ക്കും അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയയും അഭിമുഖങ്ങളും നിരന്തരമായി ഫോളോ ചെയ്യുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ് വിനീത് ശ്രീനിവാസന്‍ ഒരു ഭക്ഷണപ്രിയനാണെന്നത്.
തന്റെ ഭക്ഷണം മറ്റൊള്‍ക്ക് വീതിച്ച് കൊടുക്കാന്‍ ഒട്ടും താല്‍പര്യം വിനീതിനില്ല. അത്തരമൊരു വ്യക്തിയില്‍ നിന്നും തനിക്ക് അല്‍പ്പം ഭക്ഷണം രുചിച്ച് നോക്കാന്‍ ലഭിച്ചുവെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നാണ് വിനീതിന്റെ രസകരമായ വീഡിയോ പങ്കിട്ട് കല്യാണി കുറിച്ചത്.
വിനീതിനെ നേരിട്ട് അറിയുന്നവര്‍ ഇത് ഫോട്ടോഷോപ്പാണെന്ന് പറയുമെന്നും എന്നാല്‍ സംശയമുള്ളവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ രണ്ട് സാക്ഷികളുണ്ടെന്നും കല്യാണി കുറിച്ചു. നല്ല ഭക്ഷണം താന്‍ ആര്‍ക്കും കൊടുക്കില്ലെന്നത് വിനീത് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. പ്രായമായി കഴിയുമ്പോള്‍ ഭാര്യ ദിവ്യയ്‌ക്കൊപ്പം ഏതെങ്കിലും സ്ഥലത്തുപോയി കഫേ തുടങ്ങണമെന്ന് വരെ പ്ലാനിട്ടിട്ടുള്ള ഭക്ഷണപ്രേമിയാണ് വിനീത് ശ്രീനിവാസന്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്ന വിനീത് ശ്രീനിവാസന്‍ സിനിമ. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.