അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കല്‍പനയുടെ ഭര്‍ത്താവായിരുന്ന അനില്‍ കുമാര്‍ രണ്ടാം ഭാര്യയുടെ കൂടെ എത്തിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഏറെക്കാലമായി അനിലിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ വീണ്ടും വിവാഹിതനായത് എപ്പോഴാണെന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇതോടെ ഉയര്‍ന്നിരുന്നൂ.ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന് വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ്.
കല്‍പ്പനയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പരസ്പരം നന്നായി മനസിലാക്കിയവര്‍ എങ്ങനെ അകന്നുപോയി? എന്ന ചോദ്യത്തിന് അനില്‍ നല്കിയ മറുപടി ഇങ്ങനെയാണ്.
ഒരിക്കലും ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയിട്ടില്ല. ഒരു വലിയ പ്രശ്നത്തിന്റെ പേരിലല്ല ഞങ്ങള്‍ അകന്നത്. ചെറിയ ചെറിയ തെറ്റിധാരണകള്‍ മാത്രം. ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത്. എന്തിനായിരുന്നു ഞങ്ങള്‍ പിണങ്ങിയതെന്നു സത്യം പറഞ്ഞാല്‍ ഇപ്പോഴും എനിക്കറിയില്ല. ഏത് ദമ്പതികള്‍ക്കിടയിലും പതിവുളളതു പോലെ ചെറിയ പിണക്കങ്ങളില്‍ തുടങ്ങിയതാണ്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പിന്നില്‍ നിന്ന് അത് ആളിക്കത്തിച്ചു. ചെറിയ മുറിവുകള്‍ വലിയ വ്രണമാക്കി മാറ്റി. കല്‍പ്പനയെ എനിക്ക് സംശയമായിരുന്നെന്നു വരെ പറഞ്ഞു പരത്തി. കല്‍പ്പന എങ്ങനെയുളള ആളാണെന്ന് ഫിലിം ഇന്‍ഡസ്ട്രിയിലുളള എല്ലാവര്‍ക്കും അറിയാം. അങ്ങനെയൊരാളെ ഞാന്‍ സംശയിക്കുന്നതെന്തിന്?
ഓരോ ദിവസവും അവള്‍ വരുമെന്ന് കരുതി കാത്തിരുന്നു. അക്കാലത്ത് പലപ്പോഴും വീടിന്റെ മുന്‍വാതില്‍ ഏറെ വൈകിയേ അടയ്ക്കുമായിരുന്നുളളു. ഏതെങ്കിലും ഒരു നിമിഷം മുന്നറിയിപ്പില്ലാതെ കല്‍പ്പന പെട്ടെന്ന് കയറി വന്നാലോ? അമ്മ എപ്പോഴും പറയുമായിരുന്നു. ''നോക്കിക്കോ..ഏത് നിമിഷവും അവള്‍ കയറി വരും.'' എനിക്കും അതേ പ്രതീക്ഷയായിരുന്നു. കല്‍പ്പനയ്ക്ക് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ ചികിത്സയും നടന്നിരുന്നു. ഒരുമിച്ചുളളപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിക്കും. തമ്മില്‍ അകന്ന ശേഷം അവസാനമായി ഞാന്‍ അയച്ച മെസേജ് ഇപ്പോഴും ഓര്‍മയുണ്ട്. ''മരുന്ന് മുടക്കരുത്. സമയത്ത് ഓര്‍ത്തെടുത്ത് കഴിക്കണം''
കല്‍പ്പന മരിക്കും വരെ എന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നില്ല. അതിലേക്ക് 'ചേട്ടാ ഞാന്‍ വരുന്നൂ' എന്ന് ഒരു കോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടോ അതുണ്ടായില്ല. ആ ബന്ധം തകര്‍ന്നതില്‍ ഒരിക്കലും ഞാന്‍ കല്‍പ്പനയെ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ എന്റെ ഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ടാവാം. ഇന്നത്തെ പക്വത എനിക്ക് അന്ന് ഉണ്ടായിരിക്കില്ല. കല്‍പ്പന വീട്ടില്‍ നിന്നിറങ്ങി പോയ ശേഷം ഞാന്‍ അവസാനമായി പറഞ്ഞ കാര്യവും ഓര്‍മയുണ്ട്. ''എത്രയും വേഗം നീ തിരിച്ചുവരണം. വന്നില്ലെങ്കില്‍ ഞാന്‍ കേസ് കൊടുക്കും.'
ഞാന്‍ അവള്‍ക്കെതിരെ കോടതിയെ സമീപിച്ചത് വിവാഹമോചനം ആവശ്യപ്പെട്ടല്ല. വീട്ടിലേക്ക് തിരിച്ചു വരണം എന്നു പറഞ്ഞാണ്. അതും അവളെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. പക്ഷേ പിന്നീട് എല്ലാം രൂക്ഷമായി. ഞങ്ങളെ തമ്മില്‍ അകറ്റിയതില്‍ ചില അദൃശ്യകരങ്ങളുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. കല്‍പ്പനയോട് എനിക്ക് ഒരിക്കലും ഇഷ്ടക്കുറവുണ്ടായിട്ടില്ല. അവള്‍ക്കും അങ്ങനെയായിരുന്നു. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായി കരുതുന്നു. അസുഖമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കല്‍പ്പന ഇത്രവേഗം മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വല്ലാത്ത ഷോക്കായിരുന്നു അത്. എന്നെ തോല്‍പ്പിച്ചിട്ട് കടന്നു കളഞ്ഞതു പോലെയാണ് അനുഭവപ്പെട്ടത്. ഇന്നും വല്ലാതെ ഹോണ്ട് ചെയ്യുന്ന സംഭവമാണ് അത്.
കല്‍പ്പന മരിച്ചപ്പോള്‍ അനില്‍ കാണാന്‍ ചെന്നില്ലെന്ന് ആരോപണമുണ്ട്
അതിന്റെ സത്യം പുറത്ത് പ്രചരിക്കും പോലെയല്ല. ആ സമയത്ത് കുറച്ച് ദൂരെ ഒരു ഷൂട്ടിങ്ങിലായിരുന്നു. അതിലുപരി ഞാന്‍ മനഃപൂര്‍വം പോകാതിരുന്നതാണ്. ജീവനില്ലാത്ത ഒരു കല്‍പ്പനയെ കാണാനുളള ശക്തി എനിക്കില്ല. വെളുത്ത തുണിയില്‍ പൊതിഞ്ഞ് മുഖംമൂടി കിടക്കുന്ന കല്‍പ്പനയെക്കുറിച്ച് ആലോചിക്കാന്‍ കൂടി വയ്യ. അവള്‍ മരിച്ചുകിടക്കുന്ന ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. മകളെ വിളിച്ച് ഞാന്‍ പറഞ്ഞു. ''മോളെ...അവളെ എനിക്ക് അങ്ങനെ കാണാന്‍ പറ്റില്ല''. അത്തരം കാര്യങ്ങളോട് പൊതുവെ വല്ലാത്ത ഭയമുളള ഒരാളാണ് ഞാന്‍. ബാബു മരിച്ചപ്പോഴും കാണാന്‍ പോയില്ല. ആ വെളുത്ത തുണിയില്‍ ബാബുവിനെയും കാണാനുളള കരുത്തില്ല. മറ്റുളളവര്‍ അതിനെ എങ്ങനെയാണ് എടുക്കുന്നതെന്ന് അറിയില്ല.
മകള്‍ ശ്രീമയി കല്‍പ്പനയുടെ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം കഴിഞ്ഞു. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നു എന്ന് കേട്ടിരുന്നുവെന്നും അനില്‍ പങ്ക് വച്ചു.
മനസ്സുകൊണ്ട് ഏറ്റവും അടുത്തവരായിരുന്നു ഞങ്ങള്‍. എന്റെ അമ്മയും സഹോദരിയുമായൊക്കെ അവള്‍ നല്ല അടുപ്പത്തിലായിരുന്നു. കല്‍പ്പന മരിച്ചശേഷം പോലും ഞങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഉണ്ടായിരുന്നു. കുറച്ചു നാളായി കാണാറില്ല. സംസാരിക്കാറുമില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം. അതുവരെ എനിക്കൊപ്പം ഷോപ്പിങിനൊക്കെ വന്നിരുന്ന കുട്ടിയാണ്. പെട്ടെന്ന് ഒരു ദിവസം കൂടിക്കാഴ്ചകള്‍ ഇല്ലാതായി. ഒരുപക്ഷേ അവള്‍ക്ക് അവളുടേതായ തിരക്കുകള്‍ ഉണ്ടാകാം.പക്ഷെ എനിക്കുറപ്പുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അവള്‍ എന്നെ തേടി വരും. അല്ലെങ്കില്‍ അവള്‍ക്കൊരു ആവശ്യമുണ്ടാകുന്ന സമയത്ത് ഞാന്‍ അവളെ തേടി ചെല്ലും. അവള്‍ എന്റെ മോളാണ്. എന്നും എന്റെ ഹൃദയത്തില്‍ അവള്‍ ഉണ്ടാകും. ആര്‍ക്കും ആ ബന്ധം പറിച്ചെറിയാനാവില്ല.
രിക്കല്‍ ഒരു സമ്മാനവുമായി ചെന്നപ്പോള്‍ വാച്ച്മാനെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൊളളാന്‍ ആ വീട്ടുകാര്‍ പറഞ്ഞു. അതോടെ അത്തരം സന്ദര്‍ശനങ്ങളും അവസാനിച്ചു. പക്ഷേ കല്‍പ്പനയുടെ കുടുംബം മോളെ നന്നായി നോക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് ഞാന്‍ അറിയുന്നുണ്ടെന്നും അനില്‍ പറയുന്നു.
രണ്ടാം വിവാഹത്തെക്കുറി്്ച്ച് അനില്‍ പറഞ്ഞത് ഇങ്ങനെ: അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം ഒറ്റപ്പെട്ട് ജീവിച്ചു. അപ്പോഴൊക്കെ മാനസികമായ പിന്തുണ തന്നത് അമ്മയായിരുന്നു. ഇടക്കാലത്ത് അമ്മ കിടപ്പിലായി. ആ സമയത്ത് എന്റെ കാര്യത്തില്‍ അമ്മയ്ക്ക് വല്ലാത്ത ഉല്‍ക്കണ്ഠയായിരുന്നു. ഒരു വിവാഹത്തെക്കുറിച്ച് അമ്മ കൂടെക്കൂടെ ഓര്‍മിപ്പിച്ചിരുന്നു. അമ്മ മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി. രണ്ടാംവിവാഹം പക്കാ അറേഞ്ച്ഡ് മാര്യേജാണ്. പേര് കൃഷ്ണ. അഡ്വക്കേറ്റായിരുന്നു. ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസമെന്നും അനില്‍ പറഞ്ഞു.