സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെയും അദ്ദേഹത്തെ കുടുംബത്തെയും കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജോര്‍ജ്ജിനെ അവസാന കാലത്ത് പരിചരിക്കുവാന്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ലെന്നും പകരം വയോജന കേന്ദ്രത്തിലാക്കി അവര്‍ മടങ്ങുകയായിരുന്നുവെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അതല്ല സത്യമെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഈ വാര്‍ത്തകളോട് നേരിട്ട് പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തി. എന്നാലിപ്പോള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാക്കനാട്ടെ വയോജന കേന്ദ്രത്തിന്റെ ഉടമ അലക്സ് തന്നെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
അഞ്ചു വര്‍ഷം മുമ്പ് 2018ലാണ് കെ ജി ജോര്‍ജ്ജ് വയോജന കേന്ദ്രത്തില്‍ എത്തുന്നത്. സ്ട്രോക്ക് സംഭവിച്ചതിനാല്‍ റീഹാബിലിറ്റേഷനു വേണ്ടിയാണ് ഇവിടെ എത്തിയത്. എല്ലാ ദിവസവും ഫിസിയോതെറാപ്പി ഒക്കെ ചെയ്ത് മൂന്നു വര്‍ഷത്തോളം മുന്നോട്ടു പോയി. കുഴപ്പങ്ങളൊന്നും ഇല്ലാതെ കടന്നുപോകവേയാണ് പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ആരംഭിച്ചത്. മറവി അടക്കമുള്ള പ്രശ്നങ്ങള്‍ അലട്ടി തുടങ്ങി. അതിനു ശേഷമാണ് കഴിഞ്ഞ ആറേഴു മാസമായി വലിയ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ആരോഗ്യം മാറിയത്. പൂര്‍ണമായും ശരീരം തളര്‍ന്ന് കട്ടിലില്‍ തന്നെ കിടപ്പായി. ഭക്ഷണം കൊടുത്തിരുന്നതു പോലും തൊണ്ടയിലൂടെ ട്യൂബ് ഇട്ട് അതുവഴി ആയിരുന്നു.
കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ അദ്ദേഹത്തിനു വേണ്ട എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആരോഗ്യത്തോടെയിരുന്ന കാലത്തെല്ലാം സിനിമ കാണല്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. മുറിയിലെ ടിവിയില്‍ സദാസമയം ടിവി ഓണായിരിക്കും. ഏതെങ്കിലും സിനിമകള്‍ അതില്‍ ഉണ്ടായിരിക്കുകയും ചെയ്യും. വീട്ടില്‍ നോക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ വയോജന കേന്ദ്രത്തിലേക്ക് മാറ്റിയത്. മാത്രമല്ല, കെ ജി ജോര്‍ജ്ജിന് കാലിന് ബലക്കുറവും ഉണ്ടായിരുന്നു. ദിവസവും ഫിസിയോ തെറാപ്പിയും മറ്റും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണ് ചികിത്സയ്ക്കും ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും കണക്കിലെടുത്ത് വീട്ടില്‍ നിന്നും വയോജന കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
വാക്കറിന്റെ സഹായത്തോടെയാണ് അദ്ദേഹം നടന്നിരുന്നത്. മകള്‍ ദോഹയിലും മകന്‍ ഗോവയിലും ആയതിനാല്‍ തന്നെ ഭാര്യ സല്‍മ മാത്രമായിരുന്നു കൊച്ചിയിലെ വീട്ടില്‍ ഉണ്ടായിരുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ സല്‍മയ്ക്കും ഉണ്ടായിരുന്നത് കണക്കിലെടുത്തു കൂടിയാണ് അദ്ദേഹത്തെ വീട്ടില്‍ നിന്നും മാറ്റിയത്. ഭാര്യയും മക്കളും എല്ലാം സ്ഥിരമായി കെ ജി ജോര്‍ജ്ജിനെ കാണുവാന്‍ ഇവിടേക്ക് എത്തിയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഓടിയെത്തുകയും ചെയ്തിരുന്നു. വയോജന കേന്ദ്രത്തിലേക്ക് മാറ്റിയ ആദ്യ കാലങ്ങളില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുമായി സല്‍മ ഇവിടേക്ക് എത്തുന്നത് പതിവായിരുന്നു.
എന്നാല്‍ മറവിയും പൂര്‍ണമായും കിടപ്പിലുമായതോടെ ഭക്ഷണം ട്യൂബ് വഴി നല്‍കേണ്ട അവസ്ഥയൊക്കെ എത്തിയതോടെയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള ഭക്ഷണ ക്രമങ്ങളിലേക്ക് മാറിയത്. അതോടെയാണ് കൊച്ചിയിലെ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മകനൊപ്പം ഗോവയിലേക്ക് മാറിയത്. എല്ലാ മാസവും സല്‍മ ജോര്‍ജ്ജിനെ കാണാന്‍ ഗോവയില്‍ നിന്നും എത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് അവസാനമായി എത്തിയത്. വേഗം തിരിച്ചു വരാം എന്നു പറഞ്ഞ് മടങ്ങിയ സല്‍മയെ തേടി ദിവസങ്ങള്‍ക്കകം എത്തിയത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്.
സിഗ്‌നേച്ചര്‍ എയ്ജ്ഡ് കെയര്‍ എന്ന കാക്കനാട്ടെ വയോജന കേന്ദ്രത്തിലാണ് കെ ജി ജോര്‍ജ്ജ് കഴിഞ്ഞിരുന്നത്. പ്രായമുള്ളവര്‍, കിടപ്പായിട്ടുള്ളവര്‍, വാര്‍ധക്യ സഹജമായ എന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചവര്‍, മരണാസന്നരായവര്‍ തുടങ്ങിയവരെ താമസിപ്പിച്ച് അവര്‍ക്കു വേണ്ട പ്രൊഫഷണല്‍ നഴ്സിംഗ് കെയര്‍ തന്നെ നല്‍കുന്ന സ്ഥാപനമാണിത്. 150ഓളം പേരാണ് നിലവില്‍ ഇവിടെ കഴിയുന്നത്. എല്ലാവരും തന്നെ ഒരാളുടെ സഹായത്തോടെ മാത്രം എഴുന്നേല്‍ക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ സാധ്യമാകുന്നവരാണ്.